പ്രമുഖ റേഡിയോ അവതാരക കൃഷ്ണവേണി അന്തരിച്ചു; സംസ്കാരം വൈകിട്ട് 4 മണിക്ക് ശാന്തി കവാടത്തിൽ

തിരുവനന്തപുരം: റേഡിയോ ശ്രോതാക്കളുടെ പ്രിയപ്പെട്ട അവതാരക കൃഷ്ണവേണി അന്തരിച്ചു. 50 വയസായിരുന്നു. ഇന്നലെ രാത്രി (19.06.2019) തിരുവനന്തപുരം കരമനയിലുള്ള സ്വവസതിയിലായിരുന്നു അന്ത്യം. കുറച്ചു നാളുകളായി രോഗ ബാധിതയായി ചികിത്സയിലായിരുന്നു. മരണാനന്തര ചടങ്ങുകള്‍ ഇന്ന് മൂന്ന് മണിക്ക് കരമന വിനായക നഗറിലെ വീട്ടില്‍ നടക്കും. തുടര്‍ന്ന് നാല് മണിയോടെ തൈക്കാട് ശാന്തി കവാടത്തില്‍ ഭൗതികദേഹം സംസ്‌കരിക്കും.

പ്രവാസ ലോകത്തും നാട്ടിലുമായി വിവിധ റേഡിയോ നിലയങ്ങളിലൂടെ തമിഴ് പരിപാടികള്‍ അവതരിപ്പിച്ചാണ് കൃഷ്ണവേണി ശ്രദ്ധേയയായത്. കഴിഞ്ഞ മൂന്നര വര്‍ഷമായി അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മലയാള റേഡിയോ പ്രവാസി ഭാരതി 1539 എ.എം-ലെ അവതാരകയായിരുന്നു കൃഷ്ണവേണി. തമിഴ് ചലച്ചിത്ര ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രവാസി ഭാരതി അവതരിപ്പിച്ചു വന്ന “ചെന്നൈ ഹിറ്റ്‌സ്” എന്ന സൂപ്പര്‍ ഹിറ്റ് പരിപാടിയുടെ തുടക്കം മുതലുള്ള അവതാരകയായിരുന്നു. വാര്‍ത്താവതരണ രംഗത്തും കൃഷ്ണവേണി സജീവമായിരുന്നു. 2001 മുതല്‍ ഒരു പതിറ്റാണ്ട് കാലത്തോളം യു.എ.ഇ-യിലെ ഏഷ്യാനെറ്റ് റേഡിയോയില്‍ തമിഴ് വാര്‍ത്തകൾ അവതരിപ്പിച്ചത് കൃഷ്ണവേണിയാണ്. ഒരു ദിവസം പോലും മുടങ്ങാതെ വാര്‍ത്ത വായിച്ചു എന്ന ബഹുമതിയിൽ ‘ലിംക ബുക്സ് ഓഫ് വേള്‍ഡ് റെക്കോഡ്സി’ല്‍ കൃഷ്ണവേണി ഇടം പിടിച്ചിട്ടുണ്ട്. ഇത് ഒരു റേഡിയോ അവതാരകയെ സംബന്ധിച്ചിടത്തോളം അപൂർവ്വങ്ങളിൽ അപൂർവ്വമായ നേട്ടമാണ്.

പ്രവാസം മതിയാക്കി നാട്ടിലെത്തിയെങ്കിലും തിരുവനന്തപുരം ആകാശവാണിയടക്കമുള്ള ശ്രവ്യമാധ്യമങ്ങളിൽ കൃഷ്ണവേണി സജീവമായിരുന്നു. പ്രക്ഷേപക എന്നതിലുപരി എഴുത്തുകാരി, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പ്രഭാഷക എന്ന നിലയിലും കൃഷ്ണവേണി സുപരിചിതയാണ്. ഭര്‍ത്താവ് ഹരിലാല്‍ ദുബായിലാണ്. മകള്‍ അഭിരാമി വിദ്യാര്‍ത്ഥിനിയാണ്.