നെഞ്ചുപൊട്ടി ഒരച്ഛന്‍ പറയുന്നു, ഇനിയൊരാള്‍ക്കും ഈ ഗതി വരരുതേ

കണ്ണൂര്‍: സ്വന്തം ചോരയില്‍ പിറന്ന പിഞ്ചുകുഞ്ഞിനെ കടലിലെറിഞ്ഞുകൊന്ന മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ പിതാവ് വത്സരാജ്. തങ്ങള്‍ക്ക് അത്രയ്ക്കും സ്‌നേഹമുള്ള കുഞ്ഞിനെയാണ് ശരണ്യ കൊന്നുകളഞ്ഞത്. മകള്‍ക്ക് ഏറ്റവും വലിയ ശിക്ഷ കിട്ടിയാല്‍ അത്രയും
സന്തോഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

കുഞ്ഞിനെ കൊന്ന ശരണ്യയെ ഇനി തങ്ങള്‍ക്കാര്‍ക്കും വേണ്ടെന്നും ഇനിയൊരാള്‍ക്കും ഇങ്ങനെയൊരു ഗതി വരരുതെന്നും വത്സരാജ് പറഞ്ഞു. മത്സ്യത്തൊഴിലാളിയാണ് വല്‍സരാജ്. വല്‍സരാജിനും ഭാര്യ റീനയ്ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു പേരക്കുട്ടിയായ വിയാന്‍. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് ശരണ്യ കുഞ്ഞിനെ കൊലപ്പെടുത്തിയത്.

കുട്ടിയെ കൊലപ്പെടുത്തിയ അമ്മ ശരണ്യയെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോല്‍ വികാരനിര്‍ഭര രംഗങ്ങളാണ് ഉണ്ടായത്. ശരണ്യയെ കണ്ടതോടെ അച്ഛന്‍ വല്‍സരാജ് ആക്രോശിച്ച് മകള്‍ക്കടുത്തേക്ക് പാഞ്ഞടുത്തു.  എന്നാല്‍ പോലീസുകാര്‍ ഇടപെട്ട് തടയുകയായിരുന്നു. പിന്നീട് അദ്ദേഹം വീട്ടിനുള്ളില്‍ കുഴഞ്ഞുവീണു. വീട്ടിലെത്തിച്ച മകളോട് അമ്മയും രോഷം പ്രകടിപ്പിച്ചു. വീടിനകത്തും കടപ്പുറത്തുവെച്ചും തെളിവെടുപ്പില്‍ യാതൊരു ഭാവഭേദങ്ങളുമില്ലാതെയാണ് ശരണ്യ കുറ്റകൃത്യം നടത്തിയത് വിവരിച്ചത്.