സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് കെജ്രിവാള്‍

ഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഞായറാഴ്ച്ച രാംലീല മൈതാനത്താണ് എ.എ.പി സര്‍ക്കാരിന്റെ സത്യപ്രപതിജ്ഞാ ചടങ്ങുകള്‍ നടക്കുക. നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 62 സീറ്റും പിടിച്ചെടുത്ത് ബി.ജെ.പിയെ 8 സീറ്റുകളിലേക്ക് ഒതുക്കിയാണ് രാജ്യതലസ്ഥാനം ഇത്തവണയും ആം ആദ്മി ഉറപ്പിച്ചത്.

ഇത് മൂന്നാം തവണയാണ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തിലേറുന്നത്. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരേയും രാഷ്ട്രീയ പാര്‍ട്ടി
നേതാക്കളേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുന്നില്ലെന്ന് ആം ആദ്മി പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുമോ എന്ന കാര്യം അറിയിച്ചിട്ടില്ല.