ഒമര്‍ അബ്ദുള്ളയുടെ മോചനം; സുപ്രീംകോടതി ജമ്മുകശ്മിര്‍ ഭരണകൂടത്തിന് നോട്ടിസ് അയച്ചു

ഡല്‍ഹി: ജമ്മു കശ്മിര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലിലാക്കിയതിനെ ചോദ്യം ചെയ്ത് സഹോദരി സാറാ അബ്ദുള്ള നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സുപ്രീം കോടതി കശ്മിര്‍ ഭരണകൂടത്തിന് നോട്ടിസയച്ചു. ഹര്‍ജിയില്‍ മാര്‍ച്ച് രണ്ടിന് ഇനി വാദം കേള്‍ക്കും. കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന അഭിഭാഷകന്‍ കപില്‍ സിബലിന്റെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അരുണ്‍ മിശ്ര എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്. ഒമര്‍ അബ്ദുള്ളയെ എത്രയും പെട്ടന്ന് കോടതിയില്‍ ഹാജരാക്കി തടങ്കലില്‍ നിന്ന് മോചിപ്പിക്കണമെന്നാണ് സഹോദരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് പിന്നാലെയാണ് കശ്മിരിലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരെ തടങ്കലിലാക്കിയത്.