ചൂടിന് സമനില തെറ്റുന്നു; നാലു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

കൊച്ചി: ക്രമാതീതമായി ഉയരുന്ന ചൂട് നാളെയും കേരളത്തില്‍ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ ആലപ്പുഴ, കോട്ടയം ഉള്‍പ്പെടെ നാലു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ ജില്ലകള്‍ക്ക് പുറമേ കണ്ണൂരും കാസര്‍കോടും സാധാരണ താപനിലയേക്കാള്‍ നാലു ഡിഗ്രി വരെ അധിക ചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നത്.

ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നി ജില്ലകളിലാണ് സാധാരണ താപനിലയെക്കാള്‍ നാലു ഡിഗ്രി വരെ അധികം ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതെന്നും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധയിടങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസിനെക്കാള്‍ ഉയരുന്ന സാഹചര്യമുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.