സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമെന്ന് സി.പി.എം

തിരുവനന്തപുരം: പോലീസിനു നേര്‍ക്ക് ആരോപണങ്ങള്‍ നീളുന്ന സി.എ.ജി റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന നിലപാടുമായി സി.പി.എം. ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിലാണ് സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച നിര്‍ണായകമായ നിലപാടുകള്‍ സ്വീകരിച്ചത്.

യു.ഡി.എഫ് കാലത്ത് നടന്ന അഴിമതിയെകുറിച്ച് ഇപ്പോഴത്തെ ഇടതു സര്‍ക്കാര്‍ മറുപടി പറയേണ്ടെന്നും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് വരാനിരിക്കേ വിഷയം ശ്രദ്ധയോടെ കൈകാര്യം ചെയ്യാനും യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ബുള്ളറ്റ്പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതൊഴികെ ബാക്കിയുള്ള എല്ലാ കേസുകളും യു.ഡി.എഫ് കാലത്തുണ്ടായതാണ്.

അതിന് മറുപടി പറയേണ്ടതും അവരാണ്. സാധാരണയായി സി.എ.ജി റിപ്പോര്‍ട്ടുകള്‍ പബ്ലിക്ക് അക്കൗണ്ട്സ് കമ്മിറ്റിക്ക് മുന്നില്‍ എത്തുമ്പോള്‍ മറുപടിയും വിശദീകരണവും നല്‍കി പരിഹരിക്കാറാണ് പതിവ്.

എന്നാല്‍ ഇതിന് വിരുദ്ധമായി ഓഡിറ്റര്‍ ജനറല്‍ തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് കണ്ടെത്തലുകള്‍ പറഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും യോഗം വിലയിരുത്തി. ഇത്തരത്തിലുള്ള ആരോപണങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും മറ്റ് സി.പി.എം നേതാക്കളൊന്നും പ്രതികരണം നടത്തേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു.