കൊല്ലത്ത് ദേശീയപാതയില്‍ വീണ്ടും അപകടം; രണ്ടു പേര്‍ മരിച്ചു

കൊല്ലം: ദേശീയപാതയില്‍ ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷന് സമീപം ഇത്തിക്കര വളവില്‍ ഓട്ടോറിഷയും ലോറിയും കൂട്ടിയിടിച്ചു രണ്ടുപേര്‍ മരിച്ചു. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ഓട്ടോ ഡ്രൈവര്‍ കുരീപ്പുഴ നമ്പാരത്ത് മുക്കില്‍ ബൈജു ഭവനില്‍ പരേതരായ ജോസഫിന്റെയും സെല്‍വിയുടെയും മകന്‍ ബൈജു ജോസഫ്(45), യാത്രക്കാരി കുരീപ്പുഴ വലിയാനത്ത് പുതുവല്‍ വീട്ടില്‍ യേശുദാസന്റെ ഭാര്യ മെറ്റില്‍ഡ തങ്കമ്മ(60)എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ തങ്കമ്മയുടെ സഹോദരി വിമല(56)യെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 5.33ന് ചാത്തന്നൂരിന് പടിഞ്ഞാറ് ഭാഗത്തായി ഇത്തിക്കര പാലത്തിന് സമീപം കൊല്ലത്ത് നിന്നും വന്ന പാസഞ്ചര്‍ ഓട്ടോയില്‍ തിരുവനന്തപുരം ഭാഗത്ത് നിന്നും പൈപ്പുമായി എത്തിയ ലോറി ഇടിക്കുകയായിരുന്നു. അപകടം നടന്നയുടന്‍ തന്നെ ഹൈവേ പോലീസ് സ്ഥലത്തൈത്തി.

ഓടിക്കൂടിയ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും നടത്തിയ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്ത് ആശുപത്രികളിലെത്തിച്ചത്. അപകടത്തില്‍ ഓട്ടോറിഷ പൂര്‍ണ്ണമായും തകര്‍ന്നു. മെറ്റില്‍ഡ തങ്കമ്മസംഭവ സ്ഥലത്തും ഓട്ടോ ഡ്രൈവര്‍ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും മരിച്ചു. വാടി കടപ്പുറത്ത് നിന്നും മീന്‍ എടുത്ത് ചെറിയ ചരുവത്തില്‍ വീട് വീടാന്തരം നടന്നു കച്ചവടം നടത്തി വരികയായിരുന്നു സഹോദരിമാരായ ഇരുവരും.

മീന്‍ എടുത്തു കച്ചവടത്തിനായി ചാത്തന്നൂരിലേക്ക് വരുമ്പോളായിരുന്നു അപകടം. പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വിമല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ദേശീയപാതയില്‍ അപകടത്തെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.

പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമകരമായ ദൗത്യത്തിലൂടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തില്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവച്ചത്. തങ്കമ്മയുടെ മക്കള്‍: ഡയാന, സിന്ധു.മരുമക്കള്‍: ബിജു സെബാസ്റ്റ്യന്‍,ആന്‍സന്‍ സെബാസ്റ്റ്യന്‍. ബൈജു ജോസഭിന്റെ ഭാര്യ റോസി.