ജലനിധി കുടിവെള്ള പദ്ധതി പമ്പ് ഓപറേറ്ററെ വെട്ടിക്കൊന്നു

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജലനിധി കുടിവെള്ള പദ്ധതിയുടെ പമ്പ് ഓപറേറ്ററെ വെട്ടിക്കൊന്നു. ആതിരപ്പിള്ളി താളാട്ടുവീട്ടില്‍ പ്രദീപ്(39) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 1.30ഓടെ കണ്ണന്‍കുഴി പാലത്തിന് സമീപമാണ് കൊലപാതകം നടന്നത്. പ്രതിയെന്നു സംശയിക്കുന്ന ഗിരീഷിനായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷുമായി വാക്കുതര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.

ഗിരീഷ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പ്രദീപ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെ പത്തിന് സ്റ്റേഷനില്‍ ഹാജരാവാന്‍ പോലീസ് ഇരുവരോടും ആവശ്യപ്പെട്ടിരുന്നു. ഇതിനിടയിലാണ് ജോലി കഴിഞ്ഞ മടങ്ങുന്ന വഴിക്കുവച്ച് പുലര്‍ച്ചെ ക്രൂരകൃത്യം നടന്നത്.

വെട്ടേറ്റ പ്രദീപിനെ പോലീസ് തന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
ഗിരീഷിനെ അന്വേഷിച്ച് പോലീസ് ഇയാളുടെ വീട്ടില്‍ ചെന്നെങ്കിലും അയാള്‍ പുഴ കടന്ന് രക്ഷപ്പെടുകയായിരുന്നു. പുഴയുടെ തുരുത്തിലെവിടെയെങ്കിലും ഒളിച്ചിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ നിഗമനം. ഇയാള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.