വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ വ്യാജ റിപ്പോര്‍ട്ട്

കൊച്ചി: വിഷക്കള്ള് കേസിലെ പ്രതികളെ രക്ഷിക്കാന്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖകളെന്നുറപ്പായി. സംഭവം വിവാദമായതോടെ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങിയിരിക്കുകയാണ് വിജിലന്‍സ്. മുന്‍ സയന്റിഫിക് ഓഫിസര്‍ ജയപ്രകാശിന്റെ കാലത്ത് നല്‍കിയ റിപ്പോര്‍ട്ടുകളാണ് പരിശോധിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ ഹൈക്കോടതി റദ്ദാക്കിയ 300കേസുകളിലാണ് പുനഃപരിശോധന തുടങ്ങിയത്.

കേസിന്റെ വിശദാംശങ്ങള്‍ കോടതിയില്‍ നിന്ന് ശേഖരിച്ചു തുടങ്ങി. വ്യാജ ഫോറന്‍സിക് റിപ്പോര്‍ട്ട് വിശ്വസിച്ച് വിഷക്കള്ള് കേസിലെ മൂന്ന് പ്രതികളെ ഹൈക്കോടതി ഈയിടെ വെറുതെ വിട്ടിരുന്നു. 2014ല്‍ വ്യാജ കള്ള് വിതരണം ചെയ്തതിന് വൈക്കം സ്വദേശികളായ മൂന്ന് ഷാപ്പ് കോണ്‍ട്രാക്ര്മാര്‍മാരെയാണ് വെറുതെവിട്ടത്. എക്സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച ലാബ് റിപ്പോര്‍ട്ടില്‍ കള്ളില്‍ മാരക വിഷാംശമുണ്ടെന്നായിരുന്നു ഫലം.

റിപ്പോര്‍ട്ടില്‍ വ്യക്തത തേടി വിജിലന്‍സ് നടത്തിയ അന്വേഷണത്തിലാണ് ഫോറന്‍സിക് ലാബിലെ സയിന്റിഫിക് ഓഫീസര്‍, ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ് മന്‍സൂര്‍ ഷാ എന്നിവര്‍ അസി. കെമിക്കല്‍ എക്സാമിനറുടെ കള്ള ഒപ്പിട്ട് റിപ്പോര്‍ട്ട് തിരുത്തിയെന്ന് കണ്ടെത്തുന്നത് കള്ളിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലേയ്ക്ക് അയച്ചപ്പോള്‍ കള്ളില്‍ ആരോഗ്യത്തിന് ഹാനികരമായതൊന്നും കണ്ടെത്താന്‍ ആയിട്ടില്ലെന്നായിരുന്നു റിപ്പോര്‍ട്ട്.

അസി.കെമിക്കല്‍ എസ്‌കാമിനറുടെ ഒപ്പുമുണ്ട്. പകര്‍പ്പ് വൈക്കം ജുഡീഷ്യന്‍ മജിസ്ടേറ്റിനും അയച്ചു. എന്നാല്‍ ഇത് വ്യാജറിപ്പോര്‍ട്ടുകളായിരുന്നുവെന്നാണ് കണ്ടെത്തല്‍. എക്സൈസ്ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ കടുത്തിരുത്തി പോലീസിന് അയച്ച ഒരു കത്താണ് കേസില്‍ നിര്‍ണ്ണായകമായത്. ഈ പശ്ചാത്തലത്തില്‍ തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഷന്‍ ലാബിലെ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേകം പരിശോധിക്കും.

തിരുവനന്തപുരം കെമിക്കല്‍ എക്സാമിനേഴ്സ് ലാബിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ വിശദാന്വേഷണത്തിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടുണ്ട്. കേസില്‍ ജയപ്രകാശ് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചപ്പോഴാണ് ഹര്‍ജി തള്ളി വിശദാന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്.