സി.എ.ജി റിപ്പോര്‍ട്ട്; വെടിയുണ്ട കാണാതായ കേസില്‍ മന്ത്രിയുടെ ഗണ്‍മാനും പ്രതി

തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിനെയും പോലീസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ നിലപാട് വ്യക്തമാക്കാതെ സര്‍ക്കാര്‍. വിഷയം മന്ത്രിസഭപോലും ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. സര്‍ക്കാരും സംസ്ഥാന പോലീസ്
മേധാവിയും ഒരുപോലെ പ്രതിക്കൂട്ടിലാകുമ്പോഴാണ് ഒന്നും പ്രതികരിക്കാതെ സര്‍ക്കാര്‍ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. ഇത് സര്‍ക്കാരിനെതിരേ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.

അതിനിടെ സായുധ സേനാ ക്യാമ്പില്‍ നിന്നും വെടിയുണ്ടകള്‍ നഷ്ടമായ കേസില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഗണ്‍മാനും പ്രതിയാണെന്ന വിവരവും പുറത്തുവന്നു. മന്ത്രിയുടെ ഗണ്‍മാന്‍ സനില്‍കുമാര്‍ എഫ്.ഐ.ആറിലെ മൂന്നാം പ്രതിയാണ്. എന്നാല്‍ രജിസ്റ്റര്‍ സൂക്ഷിക്കേണ്ട പോലീസുകാര്‍ മാത്രമാണ് കേസില്‍ പ്രതികളായത്. ക്യാമ്പിലെ ഉന്നത  ഉദ്യോഗസ്ഥരെ തൊട്ടതേയില്ല. എന്നാല്‍ സിഎജി റിപ്പോര്‍ട്ട് വിവാദമായതോടെയാണ് ക്രൈം ബ്രാഞ്ച് ഉണര്‍ന്നെണീറ്റിരിക്കുന്നത്.

അന്വേഷണം രണ്ട് മാസം കൊണ്ട് തീര്‍ക്കണമെന്നാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് മേധാവി നല്‍കിയിരിക്കുന്ന പുതിയ നിര്‍ദ്ദേശം. എസ്.എ.പി ക്യാമ്പിലെ ഹവില്‍ദാറായിരുന്ന സനില്‍കുമാറിനായിരുന്നു വെടിക്കോപ്പുകളുടെ സൂക്ഷിപ്പ് ചുമതല. വെടിയുണ്ടകളുടെ വിവരങ്ങള്‍ ഇദ്ദേഹമടക്കമുള്ള 11 പേരും രജിസ്റ്ററില്‍ രേഖപ്പെടുത്തിയില്ലെന്നാണ് എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നത്.

അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട എ.കെ 47 തോക്കുകളുടെ തിരകളിലടക്കം ജാഗ്രതകുറവ് ഉണ്ടായെന്നും കണ്ടെത്തിയിട്ടുണ്ട്. കേസില്‍ 11 പോലീസുകാരാണ് പ്രതികള്‍. എഫ്.ഐ.ആറില്‍ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. കേസില്‍ 10 മാസം മുമ്പ് തുടങ്ങിയ അന്വേഷണം ഇപ്പോഴും ഒച്ചിഴയും വേഗത്തിലാണ്.

മന്ത്രിയുടെ ഗണ്‍മാന്‍ അടക്കം പ്രതികളായ കേസായത് കൊണ്ട് ഉന്നത ഇടപെടലുമുണ്ടെന്നാണ് ആക്ഷേപം. അന്വേഷിച്ചാല്‍ വേണ്ടപ്പെട്ട പലരും കുടുങ്ങുമെന്നതുകൊണ്ടുതന്നെയാണ് അന്വേഷണം മരവിപ്പിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.