ചൈനയില്‍ കൊറോണ വൈറസ് കശ്മീരിലോ പി.എസ്.എ വൈറസും- പൊതുസുരക്ഷാ നിയമത്തിനെതിരെ പി.ഡി.പി എം.പി

ഡല്‍ഹി: പൊതുസുരക്ഷാ നിയമത്തെ (പി.എസ്.എ) കൊറോണാ വയറസിനോട് താരതമ്യം ചെയ്ത് പി.ഡി.പി നേതാവും രാജ്യസഭാ എം.പിയുമായ ഫയാസ് അഹമ്മദ് മിര്‍. ‘ ഈ രാജ്യത്ത് ഒരു ജനാധിപത്യം ഉണ്ട്, പക്ഷേ എന്തെങ്കിലും പറഞ്ഞാല്‍ നിങ്ങളുടെ മേല്‍ പി.എസ്.എ വൈറസ് ചുമത്തിക്കളയും. ചൈനയില്‍ കൊറോണയാണെങ്കില്‍ ഇവിടെ പി.എസ്.എയാണ്. അതുകൊണ്ടാണ് ആളുകള്‍ക്ക് കശ്മീരിലെ അവസ്ഥയെക്കുറിച്ച് സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നത്.

പി.എസ്.എ നിയമം ചുമത്തി അറസ്റ്റ് ചെയ്തുകളഞ്ഞേക്കുമോ എന്ന ഭയമാണവര്‍ക്ക്’- മിര്‍ എ.എന്‍.ഐ യോട് പറഞ്ഞു. പാര്‍ലമെന്റിലെ അംഗമായിരുന്നിട്ട് കൂടി തനിക്ക് പൊതുസുരക്ഷാ നിയമത്തെക്കുറിച്ച് സംസാരിക്കാന്‍ ഭയമാണ്. എപ്പോഴാണ് പോലീസ് വന്ന് അറസ്റ്റ് ചെയ്യുകയെന്ന് ആര്‍ക്കറിയാം- അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

മാര്‍ച്ചില്‍ ജമ്മുകശ്മീരില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തുമെന്ന കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനെതിരേയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. ഈ വിഷയത്തില്‍ കേന്ദ്രം ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും
അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം അവര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തിയെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. പിന്നെങ്ങിനെയാണ് ചില സീറ്റുകളില്‍ ഒഴിവു വന്നത്- അദ്ദേഹം ചോദിച്ചു.

‘സാധാരണ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലാണ് തെരഞ്ഞെടുപ്പ് നടക്കാറ്. പക്ഷേ കശ്മീരിലാവട്ടെ എല്ലാ മൂന്ന് മാസത്തിലും. കശ്മീരിലെ സ്ഥിതി എന്താണെന്ന് ഇതില്‍ നിന്ന് തന്നെ മനസ്സിലാകും. കഴിഞ്ഞവര്‍ഷം നടത്തിയ തെരഞ്ഞെടുപ്പില്‍ ആരും പങ്കെടുത്തിട്ടില്ലെന്ന് സര്‍ക്കാര്‍ തന്നെ തെളിയിക്കുകയാണ്’, മിര്‍ കൂട്ടിച്ചേര്‍ത്തു.

കശ്മീരില്‍ എട്ട് ഘട്ടങ്ങളായും ജമ്മുവില്‍ നാല് ഘട്ടങ്ങളായും ജമ്മുകശ്മീരിലെ ഒഴിഞ്ഞ് കിടക്കുന്ന സീറ്റുകളില്‍ തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 5, 7, 9, 12, 14,16, 18, 20 എന്നീ തിയതികളാണ് തെരഞ്ഞെടുപ്പ് നടക്കുക.