ഗാര്‍ഗി വനിതാ കോളേജിലെ ലൈംഗികാതിക്രമം; പത്ത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

ഡല്‍ഹി: ഗാര്‍ഗി വനിതാ കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. കഴിഞ്ഞ വ്യാഴാഴ്ച നടന്ന കോളേജ് ഫെസ്റ്റിനിടിയിലായിരുന്നു സംഭവം. മദ്യപിച്ച ഒരു സംഘം കാമ്പസിനകത്തു കയറി വിദ്യാര്‍ത്ഥികളെ
ഉപദ്രവിക്കുകയായിരുന്നു. പെണ്‍കുട്ടികളെ പിന്നാലെ നടന്ന് ശല്യം ചെയ്തതായും കടന്നുപിടിച്ചതായും ബാത്ത്റൂമുകളില്‍ അടച്ചിട്ടതായും പരാതിയില്‍ പറയുന്നു.

സംഘത്തിലുള്ളവര്‍ ജയ് ശ്രീറാം വിളിക്കുകയും കുട്ടികള്‍ക്ക് മുന്നില്‍ സ്വയംഭോഗം ചെയ്യുകയും ചെയ്തതായും  റിപ്പോര്‍ട്ടിലുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പോലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും നോക്കിനില്‍ക്കെയാണ് തങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതെന്ന് വിദ്യാര്‍ത്ഥിനികള്‍ വിശദമാക്കിയത്.

സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം  ഏറെ ഒച്ചപ്പാടുകളുണ്ടോക്കിയതിന് ശേഷമാണ് പോലീസ് കേസെടുത്തത്. കോളജ് അധികൃതരുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഗാര്‍ഗി കോളേജിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച് രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. ലോക്സഭയില്‍ കോണ്‍ഗ്രസും രാജ്യസഭയില്‍ എഎപിയും വിഷയം ഉന്നയിച്ചു.

പോലീസിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി വനിതാ കമ്മിഷനും രംഗത്തെത്തിയിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലമെന്റില്‍ ഉറപ്പുനല്‍കിയിരുന്നു.