മുത്തൂറ്റ് സമരത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റശ്രമം

കോട്ടയം: മുത്തൂറ്റ് സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാരെ ആക്രമിച്ചതു വാര്‍ത്തായാക്കിയ സംഭവത്തില്‍ പ്രകോപിതരായ സമരക്കാര്‍ ഇന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും തിരിഞ്ഞു. കോട്ടയത്താണ് കൈയ്യേറ്റ ശ്രമമുണ്ടായത്. സി.ഐ.ടി.യു പ്രവര്‍ത്തകരാണ് കൈയ്യേറ്റ ശ്രമം
നടത്തിയതെന്നാണ് പരാതി. മനോരമ ന്യൂസിന്റെ ചാനല്‍ ക്യാമറ അടിച്ചു പൊട്ടിക്കാന്‍ ശ്രമിച്ചു.

ഇന്നലെ മുത്തൂറ്റ് ഫിനാന്‍സിന്റെ മൂന്ന് ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇതിനുപിന്നില്‍ സി.ഐ.ടി.യു പ്രവര്‍ത്തകരാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്. അതുപ്രകാരമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആക്രമണങ്ങളില്‍ പങ്കില്ലെന്നാണ് സി.ഐ.ടി.യുവിന്റെ വാദം.

കള്ളക്കേസുണ്ടാക്കി സമരം ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണങ്ങള്‍ എന്നും സി.ഐ.ടി.യു ആരോപിക്കുന്നത്. മുത്തൂറ്റിനെതിരേയായിരുന്നു ഇതുവരേ ജനവികാരം. എന്നാലത് ഇപ്പോള്‍ സമരക്കാര്‍ക്കു നേരെയാകുന്നുണ്ട്. ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനു പിന്നിലാരായാലും അതിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.