സിംസ് പദ്ധതിയിലും വന്‍ തിരിമറി; സര്‍ക്കാര്‍ ഉത്തരവിനു പുല്ലുവില

തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ പ്രവര്‍ത്തനത്തിലും ഫണ്ട് വിനിയോഗത്തിലും വീഴ്ച്ച സംഭവിച്ചതായി സി.എ.ജി റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ നിരവധി പദ്ധതികളും സംശയനിഴലില്‍. പോലീസ് ക്വാര്‍ട്ടേഴ്‌സ് നിര്‍മാണത്തിനുള്ള തുക വക മാറ്റിയെന്നും പോലീസില്‍ കാറുകള്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്നുമായിരുന്നു സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ സ്വകാര്യ കണ്‍ട്രോള്‍ റൂം വഴി സ്ഥാപനങ്ങള്‍ക്ക് മേല്‍ നിരീക്ഷണം ഏര്‍പ്പെടുത്താനുള്ള സിംസ് പദ്ധതിയും സംശയത്തിന്റെ കരിമ്പട്ടികയിലായിരിക്കുകയാണ്. പോലീസിന് ബാധ്യതയില്ലാതെ നടത്തണമെന്ന് ആഭ്യന്തര വകുപ്പ് സെക്രട്ടറി നിര്‍ദ്ദേശവും അട്ടിമറിച്ചതിലൂടെ പദ്ധതിയിലും ക്രമക്കേട് കണ്ടെത്തിയിരിക്കുകയാണ്.

പോലീസിനെതിരേ ഉയര്‍ന്ന ആരോപണങ്ങളെയും ക്രമക്കേടുകളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളയുകകൂടി ചെയ്തതോടെ പ്രതിപക്ഷം സംഭവത്തെ കൂടുതല്‍ രാഷ്ട്രീയായുധമാക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ തന്നെ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ആസ്ഥാനത്ത് കെല്‍ട്രോണിന് പ്രത്യേക സ്ഥലം അനുവദിച്ച് സ്വകാര്യ കണ്‍ട്രോള്‍ റൂം തുറക്കാനുമായിരുന്നു പദ്ധതി. ഇവിടെ കെല്‍ട്രോണിലെ ജീവനക്കാരെ നിയമിച്ച് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തണം.

നിരീക്ഷണത്തിന് ബാങ്കുകളും സ്ഥാപനങ്ങളും നിശ്ചിത തുക കെല്‍ട്രോണിന് നല്‍കണം. കെല്‍ട്രോണ്‍ ഈ ബാങ്കുകളിലും വീടുകളിലും ക്യാമറ സ്ഥാപിക്കണം. ചെറിയ വിഹിതം പോലീസിനും ലഭിക്കുന്ന തരത്തിലായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ കെല്‍ട്രോണ്‍ ഇത് ഉപകരാര്‍ നല്‍കി സ്വകാര്യ സ്ഥാപനത്തിന് നിരീക്ഷണ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ബാങ്കുകളോ സ്ഥാപനങ്ങളോ സഹകരിക്കാന്‍ വന്നില്ല.

ഇതോടെ പദ്ധതി പാളി. ഈ ഘട്ടത്തില്‍ മാത്രമാണ് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ നേരിട്ടിടപെട്ടത്. സ്ഥാപനങ്ങളെ പദ്ധതിയുമായി സഹകരിപ്പിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി. എസ്.പി മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കണ്‍ട്രോള്‍ റൂമിന്റെ ഭാഗമാകാന്‍ പല സ്ഥാപനങ്ങളും തീരുമാനിച്ചത്. നിരീക്ഷിക്കാന്‍ ഇരിക്കുന്ന ഉദ്യോഗസ്ഥര്‍ കെല്‍ട്രോണ്‍ ജീവനക്കാരായിരിക്കണം എന്ന ആഭ്യന്തര സെക്രട്ടറിയുടെ നിര്‍ദ്ദേശവും അട്ടിമറിച്ചു.

ഇപ്പോള്‍ പോലീസുകാരാണ് ജോലി ചെയ്യുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. പോലീസിന്റേത് സൗജന്യ സേവനമാണെന്നായിരുന്നു ഇവരുടെ വാദം. ഫലത്തില്‍ സിംസ് പദ്ധതി നേരായ വഴിക്കല്ല മുന്നോട്ട് പോകുന്നതെന്നാണ് വ്യക്തമാകുന്നത്. എസ്പിമാര്‍ക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മിക്കുന്നതിനുള്ള തുകയില്‍ 2.81 കോടി രൂപ വകമാറ്റിയെന്നാണ് സി.എ.ജിയുടെ കണ്ടെത്തല്‍.