അമേരിക്കയുമായി 25,000 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിന് ധാരണ

ഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി 25,000 കോടി രൂപയുടെ ഹെലികോപ്റ്റര്‍ ഇടപാടിന് ധാരണയായി. മുപ്പത് അത്യാധുനിക ഹെലികോപ്റ്ററുകളാണ് അമേരിക്കയില്‍ നിന്ന് വാങ്ങാന്‍ പദ്ധതിയിടുന്നത്. കേന്ദ്രമന്ത്രിസഭാ സമിതി അടുത്തയാഴ്ച ഇടപാടിന് അംഗീകാരം നല്‍കിയേക്കും.

നാവികസേനയ്ക്ക് വേണ്ടി ഇരുപത്തിനാല് എംഎച്ച് 60 റോമിയോ മള്‍ട്ടി മിഷന്‍ ഹെലികോപ്റ്ററുകളും കരസേനയ്ക്ക് വേണ്ടി ആറ് എഎച്ച് 64 ഇ അപ്പാച്ചെ ഹെലികോപ്റ്ററുകളും വാങ്ങാനാണ് ധാരണയായത്. റോമിയോ ഹെലികോപ്റ്ററുകളുടെ വിലയുടെ പതിനഞ്ച് ശതമാനം ആദ്യം നല്‍കും. ധാരണയില്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ രണ്ട് വര്‍ഷത്തിനകം ഹെലികോപ്റ്ററുകള്‍ രാജ്യത്തെത്തും.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഈ മാസം 24, 25 തീയതികളിലാണ് ഇന്ത്യാ സന്ദര്‍ശനത്തിനായെത്തുന്നത്. പ്രതിരോധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ആയുധ ഇടപാടുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചേക്കും. വ്യാപാരക്കരാറിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ട്രംപിനൊപ്പം ഭാര്യ മിലാനിയയും ഇന്ത്യയിലെത്തുന്നുണ്ട്. ഡല്‍ഹിക്ക് പുറമേ അഹമ്മദാബാദും ട്രംപ് സന്ദര്‍ശിക്കും.