ശോചനീയാവസ്ഥ; സുരേഷ് ഗോപി ട്രസ്റ്റിയായ ഗോശാലയിലെ പശുക്കളെ തിരുവനന്തപുരം നഗര സഭ ഏറ്റെടുത്തു

തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളെ തിരുവനന്തപുരം നഗരസഭ ഏറ്റെടുത്തു. നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന പശുക്കളെയാണ് നഗരസഭ ഏറ്റെടുത്തത്.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നടപടി. പശുക്കളെ വിളപ്പില്‍ശാലയിലേക്ക് മാറ്റി. ഭക്ഷണമോ വെള്ളമോ ലഭിക്കാതെ എല്ലും തോലുമായ അവസ്ഥയിലായിരുന്നു പശുക്കള്‍. പദ്മതീര്‍ഥക്കരയിലെ പുത്തന്‍മാളിക വളപ്പിലാണ് ഗോശാല പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂര തകര്‍ന്നും ചാണകവും ഗോമൂത്രവും നിറഞ്ഞും ഗോശാല വൃത്തിഹീനമായിരുന്നു.

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരില്‍ താത്ക്കാലിക അനുമതി നേടിയായിരുന്നു ഗോശാല പ്രവര്‍ത്തിച്ചുപോന്നത്. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.