സൗദിയില്‍ നിരീക്ഷണത്തിലായിരുന്ന ഇന്ത്യന്‍ സഹോദരികള്‍ക്ക് കൊറോണ വൈറസ് ബാധയില്ല

റിയാദ്: കൊറോണ വൈറസ് ബാധക്കിടയില്‍ ചൈനയില്‍ നിന്നും ഇന്ത്യ വഴി സൗദിയിലേക്ക് കടന്ന യുവതികളുടെ നിരീക്ഷണം അവസാനിപ്പിച്ചു. ഇരുവരില്‍നിന്നും ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ ലബോറട്ടറി പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവ് ആയിരുന്നു. മാത്രമല്ല, ഇവര്‍ക്ക്
യാതൊരു ലക്ഷണങ്ങളും കണ്ടെത്തുകയും ചെയ്തിട്ടില്ല.

ഇതേ തുടര്‍ന്നാണ് ഇവരുടെ ഐസൊലേഷന്‍ നടപടികള്‍ അവസാനിപ്പിച്ചത്. ഇവര്‍ സൗദിയിലെത്തുന്നതിനു മുമ്പ് പതിനാലു ദിവസത്തിലധികം ചൈനക്ക് പുറത്തായിരുന്നു എന്ന കാര്യവും കണക്കിലെടുത്താണ് ഇരുവരുടെയും ഐസൊലേഷന്‍ അവസാനിപ്പിച്ചതെന്ന് മന്ത്രാലയം പറഞ്ഞു. ഇക്കഴിഞ്ഞ 12 നു ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് പോയ യുവതികള്‍ 21 ദിവസത്തോളം ഇന്ത്യയില്‍ തങ്ങിയ ശേഷമാണ് ഈ മാസം മൂന്നിന് കിഴക്കന്‍ സൗദിയിലെ ദമാം വിമാനതാവളം വഴി സൗദിയിലേക്ക് പ്രവേശിച്ചത്.

വൈറസ് ബാധയേറ്റ വുഹാനില്‍ ഇവര്‍ പ്രവേശിച്ചിട്ടില്ലെന്നതും 21 ദിവസമെന്നത് വൈറസ് ഇന്‍കുബേഷന്‍ കാലയളവില്‍ കൂടുതലാണെന്നതിനു പുറമെ ഇവര്‍ക്ക് വൈറസ് ബാധ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുമില്ലെന്നതും ആശ്വാസം നല്‍കുന്നതായിരുന്നു. നിലവില്‍ സൗദിയില്‍ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് 15 ദിവസത്തിനിടെ ചൈനയിലുണ്ടായിരുന്നവര്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ യുവതികള്‍ അതില്‍ കൂടുതല്‍ കാലം ഇന്ത്യയില്‍ താമസിച്ചതോടെയാണ് സൗദിയിലേക്ക് പ്രവേശനം സാധ്യമാക്കിയത്. കൂടുതല്‍ പരിശോധനകള്‍ക്കായി യുവതികളുടെ കുടുംബത്തിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. വൈറസ് ഇന്‍കുബേഷന്‍ കാലം അവസാനിച്ചതിനാലും രോഗ ലക്ഷണങ്ങളില്ലാത്തതിനാലും ആശങ്കപ്പെടേണ്ട കാര്യമിലെങ്കിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുകയായിരുന്നു.