സൗദിയില്‍ ഇന്ത്യന്‍ പ്രവാസികളുടെ എണ്ണം കുത്തനെ കുറയുന്നതായി കണക്കുകള്‍; മൂന്ന് വര്‍ഷത്തിനിടെ സൗദി വിട്ടത് ഏഴ് ലക്ഷത്തോളം ഇന്ത്യക്കാര്‍

റിയാദ്: സൗദിയില്‍ നിന്നും ജോലി നഷ്ടപ്പെട്ടു ഇന്ത്യയിലേക്ക് മടങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകള്‍. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ ജോലി നഷ്ടപെടുന്ന സൗദി പ്രവാസികള്‍ക്കാണെന്ന് വ്യക്ത്തികമാകുന്നത്. ലോകസഭയില്‍ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ചോദ്യത്തിനുത്തരമായി നല്‍കിയ മറുപടിയില്‍ 203 രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നുണ്ടെന്നും ഇതില്‍ സൗദി അറേബ്യയില്‍ 25,94,947 പേരാണുള്ളതെന്നും വ്യക്തമാക്കി. മന്ത്രാലയം ലിസ്റ്റ് ചെയ്തത് പ്രകാരം ഏകദേശം ഒരു കോടി മുപ്പത്തിയാറു ലക്ഷം ഇന്ത്യക്കാരാണ് വിദേശങ്ങളില്‍ ജോലി ചെയ്യുന്നത്. ഇന്ത്യക്ക് പുറത്ത് ഏറ്റവുമധികം ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന രാജ്യം സൗദിയാണ്. നിലവില്‍ സൗദിയില്‍ 25,94,947 പേരാണുള്ളതെന്നും വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ലോകസഭയില്‍ വ്യക്തമാക്കി.

മൂന്നു വര്‍ഷത്തിനിടെ സൗദിയില്‍ നിന്നും തിരിച്ചെത്തുയത് ഏഴു ലക്ഷത്തോളം ഇന്ത്യക്കാരാണ്. 2017 മാര്‍ച്ചില്‍ 30,39,000 ഇന്ത്യക്കാരായിരുന്നു സൗദിയിലുണ്ടായിരുന്നതെന്നാണ് കണക്കുകള്‍. അതേ വര്‍ഷം സെപ്റ്റംബറില്‍ അത് 32,53,901 ആയി ഉയരുകയും ചെയ്തിരുന്നു. പക്ഷേ പിന്നീട് ഓരോ വര്‍ഷവും ഇന്ത്യക്കാരുടെ എണ്ണത്തില്‍ തുടര്‍ച്ചയായ കുറവാണ് രേഖപ്പെടുത്തിയത്. മറ്റു ഗള്‍ഫ് രാജ്യങ്ങളായ കുവൈത്തില്‍ 10,29,861, ബഹ്റൈനില്‍ 3,23,292, ഒമാനില്‍, 7,79,351, ഖത്തറില്‍ 7,56,062 ഇന്ത്യക്കാരും നേപ്പാളില്‍ 6,00,000, സിംഗപ്പൂരില്‍ 3,50,000, മലേഷ്യയില്‍ 2,24,882 എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ കണക്ക്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കാനഡ, ഇറ്റലി എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അധിവസിക്കുന്നത്. കാനഡയില്‍ 1,78,410 പേരുള്ളപ്പോള്‍ ഇറ്റലിയില്‍ 1,72,301 പേരാണ് അധിവസിക്കുന്നത്. ജര്‍മനിയില്‍ 1,08,965 പേരും ജോലി ചെയ്യുന്നുണ്ട്. ക്രൊയേഷ്യയില്‍ 10 ഇന്ത്യക്കാരും കുക്ക് അയലന്‍ഡ്, ലിച്ചെന്‍സ്റ്റൈന്‍ എന്നിവിടങ്ങളില്‍ അഞ്ചു ഇന്ത്യക്കാരും ഉണ്ട്. മധ്യ അമേരിക്കന്‍ രാജ്യമായ നികരാഗ്വേയില്‍ ഒരു ഇന്ത്യക്കാരന്‍ മാത്രമേയുള്ളൂ.

ഹോളി സീ, സാന്‍ മറിനോ, കിരിബാത്തി, ടുവാലു, പാക്കിസ്ഥാന്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ ഒരൊറ്റ ഇന്ത്യക്കാരനുമില്ല. ഏതാനും വര്‍ഷങ്ങളായി സൗദി നടപ്പാക്കി വരുന്ന സൗദി വല്‍ക്കരണ പദ്ധതികള്‍ക്ക് പുറമെ 2017 മുതല്‍ സൗദി അറേബ്യയില്‍ നടപ്പാക്കിയ വിദേശികള്‍ക്കുള്ള ലെവിയും വിദേശികള്‍ക്ക് സൗദിയില്‍ നിന്നും വിവിധ മേഖലകളില്‍ നിന്നും വ്യാപകമായി തൊഴില്‍ നഷ്ടപ്പെടുകയാണ്. ഈയൊരവസ്ഥയിലാണ് ഇന്ത്യക്കാര്‍ക്കും സൗദിയില്‍ നിന്നും തൊഴില്‍ നഷ്ടമായി തിരിച്ചു പോകേണ്ടി വരുന്നത്.