വിവാദ പരാമര്‍ശം; എം.പിയോടെ മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി

ഡല്‍ഹി: ഗാന്ധിജിയെ അപമാനിക്കുന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയ മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ അനന്ത്കുമാര്‍ ഹെഗ്ഡേയോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ട് ബി.ജെ.പി. എം.പിയുടെ പരാമര്‍ശം രാജ്യമാകെ വലിയ പ്രതിഷേധത്തിനിടയാക്കിയതോടെയാണ് ബി.ജെ.പി ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഗാന്ധിജിയുടെ സ്വാതന്ത്ര്യ സമരം നാടകമായിരുന്നുവെന്നും സത്യഗ്രഹ സമരം ബ്രിട്ടീഷുകാരുമായുള്ള ഒത്തുകളിയുടെ ഭാഗമായിരുന്നു എന്നുമാണ് ഹെഗ്ഡേ പറഞ്ഞത്. ഒരു നേതാക്കള്‍ക്കും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അടികൊള്ളേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യസമരം പൂര്‍ണമായി നാടകമായിരുന്നുവെന്നും ഗാന്ധി വധത്തില്‍ ആര്‍.എസ്.എസിന് പങ്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.

അതേസമയം ഈ പ്രസ്താവനകളോട് കര്‍ണാടക ബി.ജെ.പി നേതൃത്വം വിമുഖത കാണിച്ചിരുന്നു. വിവാദ പരാമര്‍ശങ്ങള്‍ നടത്തി മാധ്യമശ്രദ്ധ നേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് എം.പിയുടെ നടപടിയെന്ന് കോണ്‍ഗ്രസും കുറ്റപ്പെടുത്തി.