പോഷകാഹാര പദ്ധതിയ്ക്ക് 35600 കോടി; വനിതാ ക്ഷേമത്തിന് 28600 കോടി

ഡല്‍ഹി: കുട്ടികളുടെ പോഷകാഹാര പദ്ധതിയ്ക്ക് കേന്ദ്ര ബജറ്റില്‍ 35600 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ബജറ്റ് അവതരണത്തില്‍ രാജ്യത്തെ ആറു ലക്ഷത്തോളം വരുന്ന അംഗന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കുമെന്ന് ധനമന്ത്രി വ്യക്തമാക്കി.
പോഷകാഹാരം ലഭിക്കുന്നതിന്റെ തോത് കൃത്യമായി അറിയുന്നതിന് കൂടിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, വനിതാ കേന്ദ്രീകൃത പദ്ധതികള്‍ക്ക് 28600 കോടി രൂപ അനുവദിച്ചു. ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമായി പ്രത്യേക പദ്ധതികള്‍ കൊണ്ടു വരുമെന്നും പ്രഖ്യാപനം. പോഷകാഹാരം, ചികിത്സ എന്നിവ ഉറപ്പുവരുത്തി മാതൃ മരണ നിരക്ക് കുറയ്ക്കും. ഇതിനായി ആറുമാസത്തിനുള്ളില്‍ പ്രത്യേക ദൗത്യ സംഘത്തെ രൂപീകരിക്കും.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി വന്‍ വിജയമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂള്‍ അഡ്മിഷനില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ മറികടന്നുവെന്നും ബജറ്റ് അവതരണത്തിനിടെ മന്ത്രി പറഞ്ഞു.