ആദായ നികുതിയില്‍ വന്‍ ഇളവ്; 5 ലക്ഷം വരെ നികുതിയില്ല

ഡല്‍ഹി: ആദായ നികുതിയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ബജറ്റ്. അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. അഞ്ച് ലക്ഷത്തിനും ഏഴര ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 10 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമായിരുന്നു. ഏഴര ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ 15 ശതമാനം നികുതി കൊടുക്കണം. നിലവില്‍ ഇത് 20 ശതമാനമാണ്.

10-12.5 ലക്ഷം വരുമാനമുള്ളവര്‍ 20 ശതമാനം നികുതിയാണ് ഇനി കൊടുക്കേണ്ടത്. നിലവില്‍ ഇത് 30 ശതമാനമാണ്. 12.5-15 ലക്ഷം വരുമാനമുള്ളവര്‍ 25 ശതമാനം നികുതി ഒടുക്കണം. നിലവില്‍ ഇത് 30 ശതമാനമാണ്. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് യാതൊരു നികുതി ഇളവുമില്ല. 30 ശതമാനമായി തുടരും.

മോദി ഭരണത്തില്‍ വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിച്ചുവെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. ബജറ്റ് അവതരണ വേളയിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് വിദേശനിക്ഷേപം 119 ബില്യണ്‍ ഡോളറായിരുന്നു.