പൊതുമേഖലാ ഓഹരികള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപനം, എല്‍.ഐ.സി, ഐ.ഡി.ബി.ഐ ഓഹരികള്‍ വില്‍ക്കും; സംസ്ഥാനങ്ങള്‍ക്കുള്ള ജി.എസ്.ടി വിഹിതം നല്‍കുക രണ്ട് ഘട്ടമായി

ഡല്‍ഹി: സ്വകാര്യവല്‍കരണ നയങ്ങള്‍ ശക്തമായി തുടരുമെന്ന സൂചന നല്‍കി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങളായ എല്‍.ഐ.സിയുടെയും ഐ.ഡി.ബി.ഐയുടെയും സര്‍ക്കാര്‍ ഓഹരികള്‍ വില്ക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിലൂടെ 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് പറഞ്ഞു. പുതിയ കമ്പനികളുടെ കോര്‍പറേറ്റ് നികുതി 15 ശതമാനമായി കുറച്ചു. സംസ്ഥാനങ്ങള്‍ക്ക് കുടിശ്ശികയായി നല്‍കാനുള്ള ജി.എസ്.ടി വിഹിതം രണ്ട് തവണയായി മാത്രമേ നല്‍കൂ എന്നും ധനകാര്യ മന്ത്രി പ്രഖ്യാപിച്ചു. വനിതാക്ഷേമത്തിന് 28600 കോടി രൂപ പ്രഖ്യാപിച്ച് ധനമന്ത്രി. പെണ്‍കുട്ടികളുടെ വിവാഹപ്രായം നിര്‍ണയിക്കുന്നതിന് പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികള്‍ക്ക് മികച്ച പഠന നിലവാരത്തിന് സൗകര്യമൊരുക്കും. ബേഠി ബച്ചാവോ, ബേഠി പഠാവോ പദ്ധതി വന്‍ വിജയമായിരുന്നു എന്നും അവര്‍ പറഞ്ഞു. 2024ന് മുന്‍പ് പുതിയ 6000കിലോമീറ്റര്‍ ദേശീയപാത നിര്‍മിക്കും. ബംഗളൂരു ഗതാഗത വികസനത്തിന് 18600 കോടി രൂപ പ്രഖ്യാപിച്ചു.