കടുത്ത പനി മൂലം ഇന്ത്യയിലേക്ക് മടങ്ങാനാകാതെ ആറുപേര്‍; ചൈനയിലേക്ക് രണ്ടാം വിമാനം ഇന്ന്

ഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ 324 ഇന്ത്യക്കാരെയും മനേശ്വറില്‍ ഒരുക്കിയിട്ടുള്ള നിരീക്ഷിണ കേന്ദ്രത്തിലേക്ക് മാറ്റുന്നു. അതേസമയം, ആറുപേര്‍ക്ക് ചൈനയില്‍ നിന്ന് മടങ്ങാനായില്ല. വിമാനത്തില്‍ കയറുന്നതിന് മുമ്പായി നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്ക് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് തടഞ്ഞുവെച്ചത്.

ഇവരുടെ വിശദാംശങ്ങല്‍ ലഭ്യമായിട്ടില്ല. 30 സ്ത്രീകളും 211 വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും ഉള്‍പ്പെടെ വുഹാനില്‍ കുടുങ്ങിപ്പോയ എട്ട് കുടുംബങ്ങളുമായാണ് രാവിലെ 7.26ഓടെ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങിയത്. ആന്ധ്രയില്‍ നിന്നുള്ള 56 പേരും തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്. ഇവരെ വിദഗ്ധ പരിശോധനക്ക് ശേഷം പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുന്നതിനുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്.

ഡല്‍ഹി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ച് ഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ ജീവനക്കാരും ഉള്‍പ്പെട്ട സംഘവുമായി ഇന്നലെ രാത്രി ഏഴോടെയാണ് വിമാനം വുഹാനിലെത്തിയത്. ചൈനയുടെ വിവിധ ഭാഗങ്ങളിലായി കുടുങ്ങിക്കിടന്ന ഇന്ത്യയില്‍ നിന്നുള്ളവരെ രാത്രിയോടെ ബസുകളില്‍ വുഹാന്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു.