തൃശ്ശൂരില്‍ കൊറോണ ബാധിച്ച വിദ്യാര്‍ത്ഥിനിയുടെ നില തൃപ്തികരം; അടിയന്തര യോഗം ചേര്‍ന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ കൊറോണ വൈറസ് ബാധിതയായ തൃശ്ശൂരിലെ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവര്‍ ചികിത്സയിലുള്ളത്. രോഗം സംശയിച്ച് നേരത്തേ ഐസൊലേറ്റ് ചെയ്ത നാല് പേരില്‍ ഒരാളാണ് രോഗം സ്ഥിരീകരിച്ച വിദ്യാര്‍ത്ഥിനിയെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് നിന്ന് ഇതുവരെ 20 സാംപിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ പത്തെണ്ണം നെഗറ്റീവ് ആണെന്ന് മറുപടി ലഭിച്ചിട്ടുണ്ടെങ്കിലും ആറ് റിസല്‍ട്ടുകള്‍ ലാബ് അധികൃതര്‍ പിടിച്ചുവച്ചിരിക്കുകയാണ്. ചൈനയില്‍ വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ വൈകാതെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

വൈകീട്ടോടെ ആരോഗ്യ മന്ത്രി തൃശ്ശൂരിലെത്തും. ഗൗരവപൂര്‍ണമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ചൈനയില്‍ നിന്ന് വന്നവരില്‍ ചിലര്‍ സ്വമേധയാ പരിശോധനക്ക് തയാറായിട്ടില്ല. വൈറസ് ബാധിച്ച് ഒരാള്‍ പോലും മരിക്കരുതെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പൂര്‍ണ ആരോഗ്യവാനായ വ്യക്തിയില്‍ വൈറസ് ബാധ മരണകാരണമല്ലെന്നും എന്നാല്‍ ഹൃദ്രോഗമുള്ളവര്‍ ഗര്‍ഭിണികള്‍ എന്നിവരില്‍ മരണസാധ്യത കൂടുതലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.