കേരളത്തിലും കൊറോണ; ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു

ഡല്‍ഹി: കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കേരളത്തില്‍ നിരീക്ഷണത്തിലുണ്ടായിരുന്നവരുടെ ഫലം പരിശോധിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥിയുടെ അവസ്ഥ ഗുരുതരമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും മന്ത്രാലയം അറിയിച്ചു.

വിദ്യാര്‍ത്ഥി തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍
ചികിത്സയിലാണ്. പരിശോധനയില്‍ ഈ വിദ്യാര്‍ത്ഥിയുടെ രക്തസാമ്പിള്‍ പോസിറ്റീവാണെന്ന് തെളിഞ്ഞുവെന്ന് മന്ത്രാലയം പറയുന്നു. കഴിഞ്ഞ ഒരാഴ്ചയായി 27ഓളം സാമ്പിളുകളാണ് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും മറ്റുമായി പരിശോധിച്ചത്. അതേ സമയം ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. ഇന്നു മൂന്നു മണിക്കാണ് ആരോഗ്യമന്ത്രി യോഗം വിളിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി.

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 806 പേര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു. പത്ത് പേരാണ് ആശുപത്രിയില്‍ ചികിത്സ തേടുന്നത്. ആറുപേരുടെ ഫലം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ലഭിക്കാനുണ്ടെന്നും ആരോഗ്യവകുപ്പ് നേരത്തെ അറിയിച്ചു. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരെ നിരീക്ഷിക്കാന്‍ വിമാനത്താവളങ്ങളില്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

എമിഗ്രേഷന്‍ കൗണ്ടറിന് സമീപം പ്രത്യേക ഹെല്‍ത്ത് ഡെസ്‌ക് തുറന്നു. തെര്‍മല്‍ ക്യാമറകളും സജ്ജമാക്കി. ജീവനക്കാര്‍ക്കെല്ലാം ഗ്ലൗസുകളും മാസ്‌ക്കുകളും നല്‍കുകയും ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറമെ ഹോങ്കോങ്, തായ്വാന്, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, സിങ്കപ്പൂര്‍,
നേപ്പാള്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, മക്കാവു, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലാണ് രോഗബാധ ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്.

മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കൊറോണ. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്നു പോകുമെങ്കിലും കടുത്തുകഴിഞ്ഞാല്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

പുതിയ വൈറസായതിനാല്‍ പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ ഇല്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. കൊറോണയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ആരോഗ്യ വകുപ്പിന്റെ ദിശ-1056, 0471 2552056 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.