ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ട് സസ്പെന്‍ഷനിലായിരുന്നു ശ്രീറാം. ചീഫ് സെക്രട്ടറി ടോം ജോസ് മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കി. ഇതുവരെ പോലീസ് കുറ്റപത്രം നല്‍കിയിട്ടില്ല.

ഈ സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ. ശ്രീരാമിന്റെ സസ്പെന്‍ഷന്‍ കാലാവധി ആറ് മാസം പിന്നിട്ട സാഹചര്യത്തിലാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനുള്ളില്‍ വരാനിരിക്കെയാണ് ഈ നടപടി. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം സഞ്ചരിച്ച കാര്‍ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്.

ശ്രീറാം തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും വെളിപ്പെടുത്തിയിരുന്നു. ഇതിന് വിരുദ്ധമായ നിലപാടാണ് വിശദീകരണത്തില്‍ ശ്രീറാമിന്റേത്. സര്‍വ്വേ ഡയറക്ടറായിരുന്ന ശ്രീറാമിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് അന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നുവെങ്കില്‍ ചട്ടപ്രകാരം സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ സാധിക്കുമായിരുന്നില്ല.

അപകടം നടക്കുമ്പോള്‍ താനല്ല ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനം ഓടിച്ചതെന്നായിരുന്നു ശ്രീറാം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിക്ക് നല്‍കിയ വിശദീകരണം.