ഗോബാക്ക് വിളിച്ച് പ്രതിപക്ഷം; സിഎഎയ്ക്ക് എതിരായ പരാമര്‍ശം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നയപ്രഖ്യാപനത്തിലെ പൗരത്വ നിയമ ഭേദഗതി വിരുദ്ധ പരാമര്‍ശം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വായിച്ചു. പ്രഖ്യാപനത്തിലെ 18ാം പാരഗ്രാഫാണ് വായിച്ചത്. മതാടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കരുത്. പൗരത്വ നിയമഭേദഗതി മതനിരപേക്ഷത തകര്‍ക്കുന്നു. വിമര്‍ശനം സര്‍ക്കാര്‍ നയമല്ല, വ്യക്തിപരമായ വിയോജിപ്പോടെ ഭാഗം വായിക്കുകയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ആവശ്യത്തെ മാനിക്കുന്നു എന്നും ഗവര്‍ണര്‍. നടപടിയെ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു. അതേ സമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പ്രസിദ്ധീകരിച്ചു. ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം നിയമസഭാ ബുള്ളറ്റിനിലാണ് പ്രസിദ്ധീകരിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനെത്തിയ ഗവര്‍ണറെ തടഞ്ഞ് പ്രതിപക്ഷം. ഗോബാക്ക് വിളിച്ചും തടഞ്ഞും അസാധാരണ പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്.

   പ്രതിഷേധത്തെ തുടര്‍ന്ന് ആറു മിനുട്ട് വൈകിയാണ് നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രതിപക്ഷം നടുത്തളത്തില്‍ ഗവര്‍ണറെ തടഞ്ഞു. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് നടുത്തളത്തിലിറങ്ങി. വാച്ച് ആന്റ് വാര്‍ഡ് പ്രതിപക്ഷാംഗങ്ങളെ ബലം പ്രയോഗിച്ച് നീക്കി. വാച്ച് ആന്റ് വാര്‍ഡിന്റെ അകമ്പടിയോടെയാണ് ഗവര്‍ണര്‍ ഡയസിലെത്തിയത്.

സി.എ.എ ബഹിഷ്‌ക്കരിക്കുക ഭരണഘടനയെ അവഹേളിച്ച ഗവര്‍ണറെ തിരിച്ചു വിളിക്കുക തുടങ്ങിയ ബാനറും പ്ലക്കാര്‍ഡികളും ഏന്തിയായിരുന്നു പ്രതിഷേധം. പിന്നീട് നിയമസഭയുടെ പുറത്താണ് പ്രതിഷേധം തുടര്‍ന്നത്.