കുറ്റകൃത്യമോ..? അക്രമികളുടെ ദൃശ്യങ്ങള്‍ ഏഴ് സെക്കന്റിനുള്ളില്‍ പോലീസിന് കിട്ടും

തിരുവനന്തപുരം: അക്രമമോ മോഷണശ്രമമോ തത്സമയം കണ്ടു കുറ്റവാളികളെ പിടികൂടാന്‍ സഹായിക്കുന്ന സെന്‍ട്രല്‍  ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം (സിഐഎംഎസ്) സംസ്ഥാനത്ത് നിലവില്‍ വന്നു. സിഐഎംഎസ് സജ്ജമാക്കിയ സ്ഥാപനങ്ങളില്‍ ആരെങ്കിലും അതിക്രമിച്ചു കടന്നാല്‍ 3 മുതല്‍ 7 വരെ സെക്കന്‍ഡിനുള്ളില്‍ പോലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമില്‍ അറിയിപ്പും വീഡിയോ ദൃശ്യവും ലഭിക്കും.

നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് സ്ഥലത്തെത്തും. ഉടമയ്ക്ക് മൊബൈല്‍ സന്ദേശവും നല്‍കും. ബാങ്ക്, വ്യാപാര സ്ഥാപനങ്ങള്‍, ജ്വല്ലറികള്‍, വീടുകള്‍, എടിഎമ്മുകള്‍ എന്നിങ്ങനെ എവിടെയും ഈ സംവിധാനം ഏര്‍പ്പെടുത്താം. രാജ്യത്ത് ആദ്യമായാണ് സിഐഎംഎസ് ഏര്‍പ്പെടുത്തുന്നത്. മലേഷ്യയിലും ദുബായിലും ഈ സംവിധാനം ഉണ്ടെന്നു സിറ്റി പോലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ അറിയിച്ചു.

ആവശ്യമുള്ളവര്‍ ഫീസ് നല്‍കി സംവിധാനം സ്ഥാപിക്കാം. സുരക്ഷ ആവശ്യമുള്ള സ്ഥാപനങ്ങള്‍ മാസം 500 മുതല്‍ 1000 രൂപ വരെ ഫീസ് നല്‍കി ഇതു സ്ഥാപിക്കാം. സെന്‍സറുകളുടെയും ക്യാമറയുടെയും എണ്ണത്തില്‍ വ്യത്യാസം വരും. കുറഞ്ഞത് 80,000 രൂപയാണു ചെലവ്.