കണ്ണില്ലാത്ത ക്രൂരത വീണ്ടും: നാഗ്പൂരില്‍ 19 കാരിയെ ബലാത്സംഗം ചെയ്തു

നാഗ്പൂര്‍: പത്തൊമ്പതുകാരി അതിക്രൂര ബലാത്സംഗത്തിനിരയായി. വായില്‍ തുണിതിരുകിയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി ബോധരഹിതയായ ശേഷം സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പുദണ്ഡ് കയറ്റിയെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍. അന്‍പത്തി രണ്ടുകാരനായ പ്രതി യോഗിലാല്‍ റഹാങ്ഡേലിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനുവരി 21 നാണ് സംഭവം.

സഹോദരനും പ്രതിക്കും മറ്റൊരു യുവതിയ്ക്കുമൊപ്പം വാടകവീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സഹോദരിയും കൂടെ താമസിച്ചിരുന്ന സ്ത്രീയും ജോലി ആവശ്യത്തിന് പോയപ്പോഴാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടി രാത്രി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വായില്‍ തുണിതിരുകി.

തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ പ്രതി ക്രൂരമായി ബലാത്സംഗം ചെയ്യുകയും സ്വകാര്യഭാഗത്ത് ഇരുമ്പുദണ്ഡ് പ്രവേശിപ്പിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. മൂന്നുദിവസത്തിന് ശേഷമാണ് പെണ്‍കുട്ടി സംഭവം സഹോദരനെ അറിയിച്ചത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.