ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്ക് സമരം; ഇടപാടുകള്‍ തടസപ്പെടും

ഡല്‍ഹി: ജനുവരി 31 നും ഫെബ്രുവരി ഒന്നിനും ബാങ്കുകള്‍ പണിമുടക്കും. ഒമ്പത് ബാങ്ക് തൊഴിലാളി യൂണിയനുകളടങ്ങിയ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്കിന് ആഹ്വാനം. വേതന പരിഷ്‌കരണ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സമരത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് ദിവസത്തെ ബാങ്ക് ഇടപാടുകള്‍ തടസ്സപ്പെടും.

തിങ്കളാഴ്ച ചീഫ് ലേബര്‍ കമ്മീഷ്ണറുമായി യൂണിയന്‍ നേതാക്കള്‍ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ദ്വിദിന പണിമുടക്കില്‍ ബാങ്ക് ഇടപാടുകള്‍ തടസപെടുമെന്ന് എസ്.ബി.ഐ ഉള്‍പ്പെടെയുള്ള പല ബാങ്കുകളും ഉപഭോക്തകളെ അറിയിച്ചിട്ടുണ്ട്. നേരത്തേ ജനുവരിയില്‍ എട്ട് തൊഴിലാളി സംഘടനകള്‍ നടത്തിയ ദേശവ്യാപക പണിമുടക്കില്‍ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.

2017 നവംബര്‍ മുതല്‍ പൊതുമേഖലാ ബാങ്കുകളിലെ ജീവനക്കാരുടെ വേതന പരിഷ്‌കരണം നടന്നിട്ടില്ല. 20 ശതമാനം ശമ്പള വര്‍ധനവ് വേണമെന്നാണ് ബാങ്ക് യൂണിയനുകളുടെ ആവശ്യം. കഴിഞ്ഞ തവണ നടന്ന പരിഷ്‌കരണത്തില്‍ 2012 നവംബര്‍ ഒന്ന് മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ ജീവനക്കാര്‍ക്ക് 15 ശതമാനമാണ് വര്‍ധനവ് ലഭിച്ചത്.