‘പ്രക്ഷോഭകരെ വെടിവെച്ചിടൂ’; കൊലവിളി പ്രസംഗവുമായി കേന്ദ്രമന്ത്രി

ഡല്‍ഹി: ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കേന്ദ്ര ധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന്റെ വിവാദ പ്രസംഗം. രാജ്യത്തെ വഞ്ചിക്കുന്നവര്‍ക്കു നേരെ വെടിയുതിര്‍ക്കൂ’- കേന്ദ്രമന്ത്രി ആഹ്വാനം ചെയ്തു. താക്കൂറിന്റെ വാക്കുകള്‍ സദസ്സ് ഏറ്റു പിടിക്കുന്നുണ്ടായിരുന്നു.

ഒന്നിലേറെ തവണ ഇതാവര്‍ത്തിക്കുന്ന മന്ത്രി സദസ്സിനെ ഏറ്റുപറയാന്‍ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പരോക്ഷമായി ഉദ്ദേശിച്ചാണ് ബിജെപി കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന.

ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതേസമയം, വീഡിയോ മുഴുവന്‍ കാണാനും ഡല്‍ഹി ജനതയുടെ വികാരം പരിശോധിക്കാനുമാണ് ഇതേകുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് മന്ത്രി പ്രതികരിച്ചത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് നടപടി എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരായി വേറെയും ബിജെപി നേതാക്കള്‍ ഇത്തരം കൊലവിളി പരാമര്‍ശം നടത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ഭീഷണിപ്പെടുത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

പ്രതിഷേധങ്ങള്‍ക്കിടെ ആസാദി മുദ്രാവാക്യം വിളിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്നും ഈ മുദ്രാവാക്യം വിളിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു ആദിത്യനാഥിന്റെ മുന്നറിയിപ്പ്.