ഷെയ്ന്‍ വിഷയത്തില്‍ ചര്‍ച്ച പരാജയം; ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍, അംഗീകരിക്കാനാവില്ലെന്ന് ‘അമ്മ

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളുമായി താരസംഘടനയായ അമ്മ നടത്തിയ ചര്‍ച്ച പരാജയം. മുടങ്ങിയ സിനിമകള്‍ക്കു പകരമായി ഷെയ്ന്‍ ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ സംഘടന ഷെയ്‌നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നിര്‍മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയുള്ള കാര്യങ്ങള്‍ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷമേ തീരുമാനിക്കാന്‍ കഴിയൂ എന്നും ഭാരവാഹികള്‍ അറിയിച്ചു. ഇടവേള ബാബു, ബാബുരാജ്, ടിനിടോം എന്നിവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചര്‍ച്ചയ്ക്ക് എത്തിയത്.

ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് നടത്താതിരിക്കുകയും വെയില്‍, കുര്‍ബാനി സിനിമകളുടെ ചിത്രീകരണം മുടങ്ങുകയും ചെയ്തതോടെയാണ് നിര്‍മാതാക്കളുടെ സംഘടന ഷെയ്‌ന് വിലക്കേര്‍പ്പെടുത്തിയത്. ഫെഫ്കയും അമ്മയും അടക്കമുള്ള സംഘടനകള്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാന്‍ ഇടപെട്ടു. അമ്മയുടെ നിര്‍ദേശ പ്രകാരം ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തിയായിക്കിയിരുന്നു.