നടിയെ ആക്രമിച്ച കേസ്; ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ വിചാരണക്കോടതി കുറ്റം ചുമത്തിയത് നിയമപരമല്ലെന്നാണ് ഹര്‍ജിയിലെ ദിലീപിന്റെ പ്രധാന വാദം. വിടുതല്‍ ഹര്‍ജി തള്ളിയതിനെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ സമയം ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ വാദിക്കുന്നു.

തനിക്കെതിരേയും കേസിലെ മറ്റ് ഒന്‍പത് പ്രതികള്‍ക്കെതിരേയുമുള്ള കുറ്റങ്ങള്‍ വ്യത്യസ്തമാണ്. അതിനാല്‍ ഒരുമിച്ച് കുറ്റം ചുമത്താന്‍ കഴിയില്ലെന്ന് ഹര്‍ജിയില്‍ വാദിക്കുന്നു. കേസില്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.

ഉത്തരവിനെതിരെ അപ്പീല്‍ സമര്‍പ്പിക്കാനായി വിചാരണ നടപടികള്‍ പത്ത് ദിവസം നിര്‍ത്തി വെക്കാന്‍ ആവശ്യപെട്ടിരുന്നുവെങ്കിലും കോടതി അംഗീകരിച്ചില്ല.