ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടിസില്‍ ഉറച്ചു നില്‍ക്കുന്നു; രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ കൊണ്ടുവരേണ്ടിയിരുന്ന പ്രമേയമാണിത്. സഭയെ അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ സഭാനേതാവായ മുഖ്യമന്ത്രി മൗനം
പാലിക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സഭയുടെ അന്തസിനെയും അഭിമാനത്തെയും ഗവര്‍ണര്‍ ചോദ്യം ചെയ്യുന്നു.

ഇതിനെതിരെ മുഖ്യമന്ത്രി രംഗത്തെത്തുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പരാജയപ്പെട്ടതോടെയാണ് പ്രതിപക്ഷ നേതാവെന്ന നിലയില്‍ താന്‍ രംഗത്തെത്തിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സഭാ ചട്ടങ്ങള്‍ക്ക് അനുസരിച്ചാണ് പ്രമേയം അവതരിപ്പിക്കുന്നത്. അതിനെ തള്ളി പരസ്യ പ്രസ്താവന നടത്തുന്ന ഗവര്‍ണറുടെ നടപടി അംഗീകരിക്കാനേ കഴിയില്ല.

അത് മനസിലാക്കാന്‍ ഇടത് മുന്നണി തയ്യാറാകണം. സഭ എല്ലാവരുടേതുമാണ്. സഭാംഗങ്ങള്‍ ആരും ഓട് പൊളിച്ച് വന്നവരല്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സഭയെന്ന നിലയില്‍ ജനവികാരമാണ് സഭ ഒറ്റക്കെട്ടായി പ്രകടിപ്പിച്ചത്. അതിനെ സഭയുടെ ഭാഗമായ ഗവര്‍ണര്‍ തള്ളിപ്പറയുന്നത് ഔചിത്യക്കുറവും സഭയോടുള്ള അവഹേളനവുമാണ്. സഭയെ മാത്രമല്ല, ജനങ്ങളെ ഒന്നാകെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവഹേളിച്ചതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.