കാട്ടാക്കട കൊലപാതകം; മുഖ്യപ്രതി സജു കീഴടങ്ങി

കാട്ടാക്കട: സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി കീഴടങ്ങി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ ജെസിബിയുടെ ഉടമയും ചാരുപാറ സ്വദേശിയുമായ സജുവാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ നാല് പേര്‍ പിടിയിലായി. രണ്ട് പ്രതികളുടെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അനീഷ്, ലാല്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ജെസിബി നിയന്ത്രിച്ചിരുന്ന വിജിന്‍ നേരത്തേ കീഴടങ്ങിയിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കുള്ള മൂന്ന് പേരും ഇവരെ സഹായിച്ച ആറ് പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഗീതിനെ സംഘം ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയത്. സംഗീതിന്റെ പുരയിടത്തില്‍ നിന്ന് വ്യാഴാഴ്ച രാത്രിയോടെ സജുവിന്റെ നേതൃത്വത്തിലുള്ള സംഘം ജെസിബിയുമായി മണ്ണ് കടത്താനെത്തി.

വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു സംഘം എത്തിയത്. മണ്ണെടുക്കുന്നത് സംഗീത് തടഞ്ഞതോടെ വാക്കേറ്റമായി. തുടര്‍ന്ന് ജെസിബിയുടെ ബക്കറ്റ് ഭാഗം കൊണ്ട് സംഗീതിനെ അടിച്ചു വീഴ്ത്തുകയുമായിരുന്നു. സംഗീതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.