കൊറോണ വൈറസ്; ചൈനയില്‍ മരണം 80 ആയി

ചൈന: കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബൈ പ്രവിശ്യയില്‍ മാത്രം 24 പേരാണ് മരിച്ചത്. ഹൂബൈയില്‍ 769 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. ഇതില്‍ 461 പേരുടെ നില അതീവ ഗുരുതരമാണ്. ഇതോടെ ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ പ്രധാന നഗരങ്ങള്‍ അടച്ചിരിക്കുകയാണ്.

ഷാന്‍ഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാന്‍, ടിയാന്‍ജിന്‍ തുടങ്ങി സ്ഥലങ്ങളില്‍ കടുത്ത യാത്രാ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്ന് ബീജിങ്ങിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കുന്നു. തങ്ങളുടെ പൗരന്മാരെ അടിയന്തരമായി ചാര്‍ട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോണ്‍സുലേറ്റിന്റെ തീരുമാനം.

കൊറോണാ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രികളുടെ നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുയാണ്. രണ്ടാമത്തെ ആശുപത്രിയുടെ നിര്‍മ്മാണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ. രാജ്യത്ത് വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചു. ഫാമുകള്‍ കര്‍ശ്ശന നിരീക്ഷണത്തിലാക്കി. മരണ വൈറസിനെ ഇല്ലാതാക്കാന്‍ വരും ദിവസങ്ങളില്‍ ചൈന കൂടുതല്‍ കര്‍ശ്ശന നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന.