‘സിഎഎ റദ്ദാക്കും വരെ വിശ്രമമില്ല’; മനുഷ്യ മഹാശൃംഖലയില്‍ കുടുംബസമേതം അണിനിരന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖലയില്‍ കുടുംബസമേതം അണിനിരന്ന്‌ മുഖ്യമന്ത്രി. പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം തുടരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. മതാടിസ്ഥാനത്തില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന നിയമം റദ്ദാക്കും വരെ വിശ്രമമില്ലെന്നും പിണറായി പറഞ്ഞു.

പൗരത്വ നിയമ ഭേദഗതിയോ പൗരത്വ പട്ടികയോ ജനസംഖ്യ രജിസ്റ്ററോ കേരളത്തില്‍ നടപ്പാക്കില്ലെന്ന് കേരളം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ അതുകൊണ്ട് മാത്രമായില്ല. പൗരത്വ ഭേദഗതി നിയമം റദ്ദാക്കും വരെ വിശ്രമിക്കാന്‍ സമയമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.പൗരത്വ നിയമത്തില്‍ തിരുത്തല്‍ വേണമെന്ന് ലോക രാജ്യങ്ങള്‍ പോലും ആവശ്യപ്പെടുന്ന നിലയുണ്ടായി. ഇതിനെല്ലാം മുന്‍പേ നടക്കുന്നതാണ് കേരളത്തിലെ പ്രക്ഷോഭമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.