റിപ്പബ്ലിക്ക് ദിനാഘോഷം; തലസ്ഥാനത്ത്‌ ഗവര്‍ണര്‍ പതാക ഉയര്‍ത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പബ്ലിക്ക് ദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. തലസ്ഥാന നഗരിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പതാക ഉയര്‍ത്തി. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ ആരെയും മാറ്റിനിര്‍ത്തുന്നതല്ല നമ്മുടെ പാരമ്പര്യമെന്ന് ഗവര്‍ണര്‍ അഭിസംബോധന പ്രസംഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗവര്‍ണറുടെ പ്രസംഗത്തില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് പരോക്ഷമായ പരാമര്‍ശവുമുണ്ടായി. പീഡനം അനുഭവിക്കുന്നവരുടെയും അഭയാര്‍ത്ഥികളുടെയും അഭയകേന്ദ്രമാണ് ഇന്ത്യയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഗവണ്‍മെന്റിന്റെ നേട്ടങ്ങളെപ്പറ്റി പറഞ്ഞ ഗവര്‍ണര്‍, ഗുണനിലവാരമുള്ള വിദ്യാഭ്യാസമാണ് മോദി സര്‍ക്കാരിന്റെ നയമെന്നും ഇതിലൂടെ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യമെന്നും പറഞ്ഞു.

ഈ മുന്നേറ്റങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും ഉണ്ടാവണമെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മിഷനെയും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയെയും അദ്ദേഹം അഭിനന്ദിച്ചു. പ്രൈമറിതലം മുതല്‍ സംസ്ഥാനത്ത് നല്‍കി വരുന്ന ഡിജിറ്റല്‍ വിദ്യാഭ്യാസത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും ഗവര്‍ണര്‍ പരാമര്‍ശിച്ചു.

കേരളത്തിന്റെ പുരോഗതിക്കായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്നും പ്രവാസികള്‍ക്ക് ലോക്സഭ നല്‍കുന്ന പിന്‍ന്തുണ വളരെ മികച്ചതെന്നും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് നിരോധനവും സംസ്ഥാനത്തെ നിക്ഷേപ സൗഹൃദ അന്തരീക്ഷത്തെയും അദ്ദേഹം അനുകൂലിച്ചു. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നാണ് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന പ്രസംഗം അവസാനിപ്പിച്ചത്.