എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം; ആയിരങ്ങളെ സാക്ഷിയാക്കി ആഘോഷം

ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് എഴുപത്തിയൊന്നാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തില്‍ നിന്നും മോചിതമായ ഇന്ത്യ ഒരു സ്വതന്ത്ര പരമോന്നത റിപ്പബ്ലിക് രാജ്യമായതിന്റെ ഓര്‍മ്മയ്ക്കായാണ് ജനുവരി 26 റിപ്പബ്ലിക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 ന് ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചെങ്കിലും രാജ്യത്ത് ഭരണ ഘടന നിലവില്‍ വന്നത് 1950 ജനുവരി 26 നാണ്.

വിപുലമായ ആഘോഷ പരിപാടികളോടെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പബ്ലിക് ദിന ആഘോഷ പരിപാടികള്‍ പുരോഗമിക്കുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിലെ ഭാരത സര്‍ക്കാരിന്റെ വിശിഷ്ടാതിഥി ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോ ആണ്. ഇത് മൂന്നാം തവണയാണ് ഒരു ബ്രസീലിയന്‍ പ്രസിഡന്റ് റിപ്പബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥി ആയി എത്തുന്നത്.

ദേശീയ യുദ്ധസ്മാരകത്തില്‍ വീരസൈനികര്‍ക്ക് പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചതോടെയാണ് 71-ാം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. പ്രൗഢ ഗംഭീരമായ ചടങ്ങുകള്‍ രാജ്പഥില്‍ ആരംഭിച്ചു. പരേഡ് കമ്മാന്റര്‍ ലെഫ് ജനറല്‍ അസിത് മിസ്ത്രിയില്‍ നിന്ന്  രാഷ്ട്രപതി രാംനാഥ് കോവിന്ദ് സല്യൂട്ട് സ്വീകരിച്ചു. 90 മിനിറ്റ് നീണ്ടുനില്‍ക്കുന്ന പരേഡ് ഇത്തവണ ലെഫ്.

ജനറല്‍ അസിത് മിസ്ത്രി നയിക്കും. സൈനിക കരുത്ത് അറിയിക്കുന്നവയായിരിക്കും പ്രകടനങ്ങള്‍. വായുസേനയുടെ പുതിയ ചിന്നുക്ക് , അപ്പാച്ചെ ഹെലികോപ്റ്ററുകള്‍ ഒരുക്കുന്ന ആകാശ കാഴ്ചകളും മുഖ്യ ആകര്‍ഷണമാണ്. സാംസ്‌കാരിക വൈവിധ്യങ്ങളുമായി വിവിധ സംസ്ഥാനങ്ങളുടെ ഫ്‌ളോട്ടുകളും രാജ്പഥിലൂടെ കടന്നുപോകും.പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുന്നതിനാല്‍ കനത്ത സുരക്ഷാവലയത്തിലാകും ചടങ്ങുകള്‍.

ആശയപരമായ എതിര്‍പ്പുകള്‍ അക്രമത്തിന്റെ പാതയിലേക്ക് പോകരുതെന്നായിരുന്നു റിപ്പബ്‌ളിക് ദിനത്തില്‍ രാഷ്ട്രപതി രാംനാഥ് കേവിന്ദിന്റെ സന്ദേശം. മന്‍കി ബാത്തിലൂടെ പ്രധാനന്ത്രി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടമാണ് രാജ്യത്തുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പ്രതികരിച്ചു.