ഉത്സവ സുരക്ഷയ്ക്ക് ഹിന്ദുക്കളായ പോലീസുകാരെ നിയമിക്കണം; വിവാദമായപ്പോള്‍ ആവശ്യം തിരുത്തി ദേവസ്വം ബോര്‍ഡ്‌

കൊച്ചി: ഉത്സവത്തിന് സുരക്ഷയ്ക്കായി ഹിന്ദുക്കളായ പോലീസുകാരെ നിയമിക്കണമെന്ന ദേവസ്വം അസിസ്റ്റന്‍ഡ് കമ്മീഷണറുടെ ആവശ്യം തിരുത്തി കൊച്ചി ദേവസ്വം ബോര്‍ഡ്. അപേക്ഷ ലഭിച്ച പോലീസ് അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് നടപടി. ‘വൈറ്റില ശിവസുബ്രഹ്മണ്യ ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം 08/02/2020 ല്‍ കൊണ്ടാടുകയാണ്.

ക്ഷേത്രത്തിന് മുന്‍വശത്ത് മൊബിലിറ്റി ഹബ് നിലവില്‍ വന്നതിനാല്‍ ട്രാഫിക് കൂടുതലായതുകൊണ്ട് പൂയം മഹോത്സവത്തോടനുബന്ധിച്ച് ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും ധാരാളം കാവടി ഘോഷയാത്രകള്‍ നടക്കുന്നതിനാല്‍ ക്രമസമാധാനം പാലിക്കുവാന്‍ ആവശ്യമായ ഹിന്ദുക്കളായ പോലീസ്, വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിന് താത്പര്യപ്പെടുന്നു എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കത്തയച്ചിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് പോലീസ് അസോസിയേഷന്‍ ദേവസ്വം മന്ത്രിക്ക് പരാതി നല്‍കി. പോലീസുകാരെ ജാതി തിരിച്ച് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും അത്തരം നീക്കം ആശങ്കയുളവാക്കുമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
ഉത്സവത്തിന് ഹിന്ദുക്കളായ പോലീസുകാരെ ആവശ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി തൃപ്പൂണിത്തുറ ഗ്രൂപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ എംജി ജഗദീഷ് രംഗത്തെത്തി.

എല്ലാവര്‍ഷവും ഇത്തരത്തിലാണ് കത്തു നല്‍കുന്നതെന്നും, ഹിന്ദുക്കളായ പോലീസുകാരെ വേണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതിയ അപേക്ഷ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ ഹിന്ദു പോലീസുകാരെ വേണമെന്ന ആവശ്യം ഒഴിവാക്കിയിട്ടുണ്ട്.