നെടുങ്കണ്ടം കസ്റ്റഡി മരണം; കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം രാജ്കുമാര്‍ കസ്റ്റഡി കൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിനാണ് അന്വേഷണ ചുമതല. ആറ് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ 2019 ജൂണ്‍ 21നാണ് പീരുമേട് സബ് ജയിലില്‍ വച്ച് മരിച്ചത്.

കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്ന ബന്ധുക്കളുടെ ആരോപണം ശരിവയ്ക്കുന്നതായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. രാജ്കുമാറിന്റെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വഷിച്ചതിന് ശേഷമാണ് കേസ് സി.ബി.ഐ അന്വേഷിക്കുന്നത്.