സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

കോഴിക്കോട്: ഫെബ്രുവരി നാല് മുതല്‍ സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസുടമകള്‍ പണിമുടക്കിലേക്ക് നീങ്ങുന്നത്. ഡീസല്‍ വിലവര്‍ധനവുള്‍പ്പടെ അധിക ബാധ്യതകളെ തുടര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപ്പിലാക്കാത്ത സാഹചര്യത്തിലാണ് സമരത്തിന് ഇറങ്ങുന്നതെന്ന് ബസുടമകള്‍ അറിയിച്ചു.

പ്രതിസന്ധി മറികടക്കാന്‍ ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ പരിഷ്‌ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാര്‍ഗങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്. വിലവര്‍ധനയ്ക്ക് പുറമേ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞതോടെ 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകള്‍ പറയുന്നു.