ടിക്കറ്റില്ലാതെ യാത്ര, ഉത്തരേന്ത്യന്‍ സ്വദേശി ടി.ടി.ഇയുടെ കൈപിടിച്ചൊടിച്ചു രക്ഷപ്പെട്ടു

കൊച്ചി: രാജ്യത്തെ ദൈര്‍ഘ്യമേറിയ യാത്രാ ട്രെയിനായ വിവേക് എക്സ്പ്രസില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയുടെ കൈയൊടിച്ച് യാത്രക്കാരന്‍. എന്നാല്‍ ആക്രമി ഓടി രക്ഷപ്പെട്ടതിനാല്‍ ഇയാള്‍ ആരാണെന്നു ഇതുവരെ വ്യക്തമായിട്ടില്ല. കോട്ടയം ആര്‍പിഎഫ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എറണാകുളം ഡിവിഷനിലെ ടി.ടി.ഇയും ആന്ധ്രാ സ്വദേശിയുമായ ചന്ദ്രബാബു ചിന്തിതയെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്.

അക്രമി ഉത്തരേന്ത്യന്‍ സ്വദേശിയാണെന്നാണ് ടി.ടി.ഇ പറയുന്നത്. അസമില്‍ നിന്ന് കന്യാകുമാരി വരെയാണ് ഈ ട്രെയിനിന്റെ യാത്ര. ഇന്ന് രാവിലെയാണ് സംഭവം. ടിക്കറ്റെവിടെയെന്ന് ടി.ടി.ഇ ചോദിച്ചപ്പോള്‍ ആദ്യം ഇയാള്‍ തരാമെന്ന് പറയുകയും പിന്നീട് ടിക്കറ്റില്ലെന്ന് മനസ്സിലായപ്പോള്‍ ടിക്കറ്റ് എടുക്കണമെന്ന് കര്‍ശനമായി പറയുകയും ചെയ്തതോടെ ഇരുവരും വാക്കുതര്‍ക്കമായി. ഇതിനിടെയാണ് ഇയാള്‍ ടി.ടി.യെ ആക്രമിച്ചത്.

കൈ പിടിച്ച് തിരിച്ചൊടിച്ചതോടെ ടി.ടി.ഇ ഉറക്കെ നിലവിളിച്ചു. ഇതോടെ ഇയാള്‍ അടുത്ത കംപാര്‍ട്ടുമെന്റിലേക്ക് ഓടി. കോട്ടയം റെയില്‍വേ സ്റ്റേഷന് ഏതാണ്ട് അടുത്തെത്തിയപ്പോള്‍ പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങി ഓടുകയുമായിരുന്നു.