എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ബലാത്സംഗ പ്രതിക്ക് രണ്ടു ദിവസത്തെ പരോള്‍

അലഹബാദ്: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയിലെ ഘോസി മണ്ഡലത്തില്‍ നിന്ന് ജയിച്ച അതുല്‍ റായ് എന്ന ബലാത്സംഗക്കേസ് പ്രതിക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ടു ദിവസത്തെ ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. ബലാത്സംഗക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായ ഇയാള്‍ക്ക് ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിട്ടില്ല.

പോലീസ് കസ്റ്റഡിയില്‍ ഇയാള്‍ക്ക് ജനുവരി 29ന് രാജ്യതലസ്ഥാനത്തേക്ക് പോകാമെന്നും ജനുവരി 31ന് തിരിച്ച് ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. നേരത്തെ നല്‍കിയിരുന്ന ഹര്‍ജികള്‍
സ്വീകരിച്ചിരുന്നില്ല. ബി.എസ്.പി നേതാവായ ഇയാള്‍ 2019 ല്‍ നടന്ന തെരഞ്ഞെടുപ്പിലാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ സത്യപ്രതിജ്ഞയ്ക്കു മുന്‍പ് അറസ്റ്റിലായി. 2019 ല്‍ തെരഞ്ഞെടുക്കപ്പെട്ട എം.പിമാരില്‍ 43 ശതമാനം പേരും ക്രിമിനല്‍ കേസ് നേരിടുന്നവരാണ്.