ഷഹീന്‍ ബാഗിനെ മിനി പാകിസ്താനെന്ന് വിശേഷിപ്പിച്ചു; ബി.ജെ.പി നേതാവിന്റെ ട്വീറ്റ് പിന്‍വലിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ ട്വീറ്റ് പിന്‍വലിക്കാന്‍ ട്വിറ്ററിനോട് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിദ്വേഷ പരാമര്‍ശമുള്ള ട്വീറ്റ് പിന്‍വലിക്കണമെന്നാണ് കമ്മിഷന്‍ ആവശ്യപ്പെട്ടത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്ത്രീകള്‍ സമരം ചെയ്യുന്ന ഷഹീന്‍ ബാഗിനെ ‘മിനി പാകിസ്താന്‍’ എന്നു വിശേഷിപ്പിച്ച ട്വീറ്റാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടത്.

‘ഷഹീന്‍ ബാഗിലൂടെയാണ് പാകിസ്താന്‍ പ്രവേശിക്കുന്നത്… ഷഹീന്‍ ബാഗ്, ചന്ദ് ബാഗ്, ഇന്‍ഡെലോക് എന്നിവടങ്ങളിലാണ് മിനി പാകിസ്താന്‍ സൃഷ്ടിക്കുന്നത്. ഇവിടെ നിയമം പാലിക്കപ്പെടുന്നില്ല. പാകിസ്താനി കലാപകാരികള്‍ റോഡുകള്‍ കയ്യടക്കിയിരിക്കുകയാണ്’- കപില്‍ മിശ്ര ട്വിറ്ററില്‍ കുറിക്കുന്നു.

മറ്റൊരു ട്വീറ്റില്‍ ഇതിലും ഭീകരമായാണ് പ്രതികരണം നടത്തിയത്. ഫെബ്രുവരി എട്ടിലെ തെരഞ്ഞെടുപ്പിനെ ഇന്ത്യ- പാകിസ്താന്‍ യുദ്ധമെന്നാണ് കപില്‍ മിശ്ര വിശേഷിപ്പിച്ചത്. ഇതോടെ അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിരിക്കുകയാണ്. എന്നാല്‍ താന്‍ തെറ്റ് ചെയ്തുവെന്ന് തോന്നുന്നില്ലെന്നും സത്യം പറയുന്നത് ഈ രാജ്യത്ത് കുറ്റമല്ലെന്നും പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കപില്‍ മിശ്ര പറഞ്ഞു.