അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം.വി ഗോവിന്ദന്‍, നിലപാടില്‍ മാറ്റമില്ലെന്ന് പി.ജയരാജന്‍

തിരുവനന്തപുരം: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബിനേയും താഹ ഫസലിനെയും സംബന്ധിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ പ്രസ്താവനയെ തള്ളി പാര്‍ട്ടി കേന്ദ്രക്കമ്മറ്റിയംഗം എം.വി ഗോവിന്ദന്‍ രംഗത്ത്. അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അഭിപ്രായ ഭിന്നതയില്ല. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തിന്റെ ആഴം പാര്‍ട്ടി അന്വേഷിച്ച് കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് ചുമത്താവുന്ന ഒരുനിയമമല്ല യുഎപിഎ എന്ന് എം.വി ഗോവിന്ദന്‍. യുഎപിഎ കേന്ദ്രനിയമമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജന്‍. സി.പി.എമ്മിന് ഇക്കാര്യത്തില്‍ ഉറച്ച നിലപാടാണുള്ളതെന്നും പി.ജയരാജന്‍ വ്യക്തമാക്കി. സി.പി.എമ്മിനകത്ത് ഇക്കാര്യത്തില്‍ ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമം.

യു.എ.പി.എ കാര്യത്തിലും വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയ നിലപാടിന്റെ കാര്യത്തിലും കെ.എല്‍.എഫ് കോഴിക്കോട് വേദിയിലും ഫേസ്ബുക്കിലും എന്താണോ പറഞ്ഞതും എഴുതിയതും അതില്‍ പൂര്‍ണമായും ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം.