അധ്യാപികയുടെ മരണം കൊലപാതകം; സഹഅധ്യാപകന്‍ കസ്റ്റഡിയില്‍

മഞ്ചേശ്വരം: മിയാപദവ് എസ്.വി.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക രൂപശ്രീയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. രൂപശ്രീയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ സഹപ്രവര്‍ത്തകനായ അധ്യാപകന്‍
വെങ്കിട്ടരാമണ കാരന്തരയെ കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരം ശികുര്‍പാദ മിയാപദവ് സ്വദേശിനിയായ രൂപശ്രീയുടെ മൃതദേഹം കഴിഞ്ഞ 18ാം തിയ്യതിയാണ് കുമ്പള പെര്‍വാഡ് കടപ്പുറത്ത് കണ്ടെത്തിയത്.

അധ്യാപികയുടെ നഷ്ടപ്പെട്ട മൊബൈല്‍ ഫോണ്‍ അവരുടെ കിടപ്പു മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. അധ്യാപകന്‍ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം അയാളുടെ കാറില്‍ കടല്‍കരയില്‍ കൊണ്ടുപോയി ഉപേക്ഷിച്ചതാണെന്നാണ് വിവരം.

16ന് രാത്രി രൂപശ്രീയെ കാണാതായതായി ഭര്‍ത്താവ് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് എസ്.ഐ ബാലചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.