ചൈനയില്‍ കൊറോണ വൈറസ് പടരുന്നു; മരണസംഖ്യ 25 കടന്നു, 2 നഗരങ്ങള്‍ അടച്ചു

ബീജിംഗ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി. 830 പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. വൈറസ് ബാധിച്ചിട്ടുണ്ടെന്ന് കരുതുന്ന 1072 പേരുടെ രക്ത സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്ന് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച ചൈനയില്‍ രണ്ട് നഗരങ്ങള്‍ അടച്ചു, വുഹാന്‍, സമീപ നഗരമായ ഹോങ്കോംഗ് എന്നിവയാണ് അടച്ചത്. വിമാന, റോഡ് , ട്രെയിന്‍ ഗതാഗതങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. വൈറസ് പടരുന്നതിനെത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നിരുന്നു. ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. രാജ്യത്തെ പ്രധാന വ്യവസായ കേന്ദ്രമായ വുഹാനിലെ കടകളും വ്യവസായ ശാലകളും അടഞ്ഞു കിടക്കുകയാണ്.

11 ദശലക്ഷത്തോളം വരുന്ന ജനങ്ങള്‍ നഗരം വിട്ടു പോകരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ച 830 പേരില്‍ 177 പേരുടെ നില ഗുരുതരമാണ്. രോഗബാധയെ നേരിടാനഉള്ള ചൈനയുടെ ഇടപെടലില്‍ ലോകാരോഗ്യ സംഘടന തൃപ്തി അറിയിച്ചിട്ടുണ്ട്. അതേ സമയം കൊറോണ വൈറസ് ബാധയില്‍ ഇന്ത്യയില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം അറിയിച്ചു.

ചൈനയില്‍ നിന്നും കഴിഞ്ഞ 14 ദിവസത്തിനിടെ കേരളത്തില്‍ എത്തിയവര്‍ ബാഹ്യ സന്ദര്‍ശനം ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളത്തിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സൗദിയില്‍ കോറോണ വൈറസ് ബാധിച്ച ഏറ്റുമാനൂര്‍ സ്വദേശിയായ നഴ്‌സിന്റെ നിലയും തൃപ്തികരമാണ്.