അണ്ടര്‍-19 ലോകകപ്പ്; ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം

ബ്ലൂംഫൗണ്ടെയിന്‍: കൗമാര ലോകകപ്പില്‍ ഇന്ത്യക്കിന്ന് രണ്ടാം മത്സരം. യോഗ്യതാ മത്സരങ്ങള്‍ കളിച്ചെത്തിയ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മത്സരത്തില്‍ അയല്‍ക്കാരായ ശ്രീലങ്കയെ തകര്‍ത്ത ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ജയത്തോടെ അടുത്ത റൗണ്ട് ഉറപ്പിക്കുക എന്നതാവും ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യ അതിശക്തമായ ടീമിനെയാണ് രംഗത്തിറക്കിയിരിക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ അപാര ബാറ്റിംഗ് പ്രകടനവുമായി തലക്കെട്ടുകളില്‍ ഇടം നേടിയ യശസ്വി ജെയ്‌സ്വാള്‍, ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗ്, വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍, ഓള്‍റൗണ്ടര്‍ സിദ്ധേഷ് വീര്‍ തുടങ്ങിയവരൊക്കെ മികച്ച ഫോമിലാണ്. പുതുമുഖങ്ങളായ ജപ്പാനെ അനായാസം പരാജയപ്പെടുത്താമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 90 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 297 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 207 റണ്‍സിന് ഓള്‍ഔട്ടായി.