വീണ്ടും വ്യോമാക്രമണം; മിസൈലുകള്‍ പതിച്ചത് യുഎസ് എംബസിക്ക് സമീപം

ബാഗ്ദാദ്: ഇറാന്‍-അമേരിക്ക സംഘര്‍ഷത്തിന് അയവില്ലെന്നതിന്റെ സൂചനയുമായി ഇറാഖില്‍ വീണ്ടും റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയായ ഗ്രീന്‍ സോണിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ശക്തമായ ആക്രമണമാണ് ഉണ്ടായതെങ്കിലും ആളപായം ഒന്നും ഇല്ലെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഇറാന്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സായുധ ഗ്രൂപ്പുകളാണ് ഇത്തരം ആക്രമണത്തിന് കാരണം എന്നാണ് അമേരിക്ക കുറ്റപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളിലും ബാഗ്ദാദിലെ അതീവ സുരക്ഷ മേഖലയായ ഗ്രീന്‍ സോണില്‍ ആക്രമണം നടന്നിരുന്നു. റോക്കറ്റാക്രമണത്തിന് പിന്നാലെ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന വലിയ സൈറണ്‍ മുഴങ്ങിയതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഖുദ്‌സ് ഫോഴ്‌സ് തലവന്‍ സുലൈമാനിയെ യുഎസ് സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെ ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നേരത്തെ ശക്തമായ വ്യോമാക്രമണം നടത്തിയിരുന്നു. 13 ഓളം മിസൈലുകള്‍ നടത്തിയ ആക്രമണത്തില്‍ 80 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടെന്നായിരുന്നു അന്ന് ഇറാന്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ആക്രമണത്തില്‍ യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയത്.